
കൊല്ലം: കഞ്ചാവ് വില്പനക്കേസിൽ ജാമ്യത്തിൽ കഴിഞ്ഞ പ്രതി 6 കിലോ കഞ്ചാവുമായി പിടിയിൽ. കൊട്ടാരക്കര മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള വിശാഖത്തിൽ ബിജുകുമാറിനെ(മണിക്കുട്ടൻ-49)യാണ് റൂറൽ എസ്.പി നിയോഗിച്ച ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. വീടിന് സമീപത്തുവച്ചാണ് കഞ്ചാവുമായി ബിജുകുമാറിനെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ- കഞ്ചാവ് വില്പന കേസുകളിലെ പ്രതിയാണ് ബിജുകുമാർ. മാസങ്ങൾക്ക് മുൻപ് കഞ്ചാവ് വില്പന കേസിൽ പിടിക്കപ്പെടുകയും ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് കഴിയുകയുമായിരുന്നു. കൊട്ടാരക്കര, ചടയമംഗലം, സ്റ്റേഷനുകളിൽ കഞ്ചാവ് വില്പന കേസുകളും കുന്നിക്കോട്, അഞ്ചൽ, പുത്തൂർ സ്റ്റേഷനുകളിൽ മോഷണക്കേസുകളിലും പ്രതിയാണ്. കൊട്ടാരക്കര സി.ഐ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.