ഓച്ചിറ: സമൂഹികസേവന രംഗത്തെ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രയാർ ആർ.വി.എസ്.എം എച്ച്. എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന് സംസ്‌ഥാന സർക്കാരിന്റെ രണ്ട് പുരസ്‌കാരങ്ങൾ. ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച എൻ.എസ് പ്രോഗ്രാം ഓഫീസർ എന്നീ അവാർഡുകളാണ് ലഭിച്ചത്. സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.വിമൽ കുമാറിനാണ് മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചത്.
2015 ലാണ് പ്രയാർ സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ആരംഭിച്ചത്.
2017 ൽ തെക്കൻ മേഖലയിലെ മികച്ച യൂണിറ്റ്, പ്രോഗ്രാം ഓഫീസർ,
വോളന്റിയർ എന്നീ അവാർഡുകൾ ലഭിച്ചിരുന്നു.
സഹപാഠിക്കൊരു സ്നേഹവീട്, വർണക്കൂട്,പുസ്തകങ്ങൾ ശേഖരിച്ച് ഗ്രന്ഥശാലകൾക്ക് നൽകുക, തുറന്ന വായനശാല, പുസ്തകക്കൂട്, സ്കൂളിലൊരു വിദ്യാർത്ഥികൃഷിത്തോട്ടം, ഒരു പൊതിസ്നേഹം, കടലോളം വാത്സല്യം, പ്രഭ -ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം, പെന്മ-വനിതാശാക്തീകരണ പരിപാടി, കിറ്റ് വിതരണം, ഉപജീവനം, കൊവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങൾ, ആറായിരം മാസ്‌ക്കുകളുടെ നിർമ്മാണം, ഹരിതം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളാണ് എൻ. എസ്. എസ് യൂണിറ്റ് നേതൃത്വം നൽകി നടപ്പിലാക്കിയിട്ടുള്ളത്. ദത്തു ഗ്രാമമായ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലും നിരവധി പ്രവർത്തനങ്ങൾ വോളന്റിയർമാർ നടപ്പിലാക്കുന്നുണ്ട്.