 
തൊടിയൂർ : ലഹരിമുക്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാനത്തെ മികച്ച പി. ടി. എയ്ക്കുള്ള അവാർഡ് നേടിയ തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്. ഇത് തടയാൻ അദ്ധ്യാപകർക്ക് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിന്റെ ഭാഗമായിട്ടാണ് അവർക്ക് ആവശ്യമായ പരിശീലനം നൽകിയത്. ലഹരിക്കെതിരെ പോരാളികളാകാൻ അദ്ധ്യാപകർ മുന്നോട്ടു വരണമെന്ന് മന്ത്രിപറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ. ഭാരവാഹികളേയും അവാർഡ് കാലത്തെ പ്രഥമാദ്ധ്യാപകരേയും മന്ത്രി ആദരിച്ചു. എ.എം.ആരിഫ് എം.പി, പഞ്ചായത്ത് പ്രസിഡന്റുമാരായ
വി. സദാശിവൻ, ബിന്ദു രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കൽ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി. ബിജു, പ്രഥമാദ്ധ്യാപിക ടി.ജി.ജ്യോതി, ഉപപ്രഥമാദ്ധ്യാപിക വി.എസ്.കവിത, സ്റ്റാഫ് സെക്രട്ടറി ജെ.വിനീഷ്, സൗദാംബിക, വിജയനുണ്ണിത്താൻ, സിദ്ധിഖ്, സുഗതൻപിള്ള തുടങ്ങിയവർ സംസാരിച്ചു.