കൊല്ലം: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം വില്ലേജിൽ ആദിനാട് തെക്കും മുറിയിൽ ഭീം നഗർ കോളനിയിൽ പാലമൂട്ടിൽ ഹരിക്കുട്ടൻ(23) ആണ് പിടിയിലായത്. 6ന് രാത്രി 8.30ന് മദ്യപിച്ച് ഭീം നഗർ കോളനിയിലെത്തിയ പ്രതി കോളനിവാസികളെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഷാജി എന്നയാൾ ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പ്രതി കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ട് തടഞ്ഞതിനാൽ ജീവഹാനി ഒഴിവായി. ഷാജിയുടെ ഇടത് കൈയ്ക്കും വലത് കാലിനും പരിക്കേറ്റു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജാതൻ പിള്ള, ശ്രീലാൽ, ശരത്ചന്ദ്രൻ, നാസറുദ്ദീൻ, എസ്.സി.പി.ഓ മനേഷ്, സി.പി.ഒ ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.