കൊല്ലം: കൊല്ലം കുണ്ടറ ചെങ്ങന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് വിതരണം ചെയ്യുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഗതാഗതവകുപ്പ് മന്ത്രിക്കും കെ.എസ്.ആർ.ടി.സി സി എം.ഡിക്കും കത്ത് നൽകി.ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ്, ബസേലിയസ് എൻജിനിയറിംഗ് കോളേജ്, പേരേയം എൻ.എസ്.എസ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നതിന് കൊല്ലം കുണ്ടറ ചെങ്ങന്നൂർ റൂട്ടിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ പൂർണമായും ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി ബസുകളെയാണ്. കെ.എസ്.ആർ.ടി.സി വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുളള കൺസഷൻ സൗകര്യം ഈ റൂട്ടിൽ അകാരണമായി നിഷേധിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത് . സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി നിയമാനുസരണം അനുവദിച്ചിട്ടുളള കൺസഷൻ ടിക്കറ്റ് ഒരു റൂട്ടിലെ വിദ്യാർത്ഥികൾക്ക് നിരസിക്കുകയും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നത് കടുത്ത വിവേചനമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി കത്തിൽ പറഞ്ഞു.