1-

കൊല്ലം: പെരിനാട് കലാവേദിയുടെ 54-ാം വാർഷികത്തിന്റെയും നവരാത്രി മഹോത്സവത്തിന്റെയും ഭാഗമായി തൃക്കടവൂർ മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരേയും ആശാ വർക്കർമാരെയും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ആദരിച്ചു. കലാവേദി നഗറിൽ നടന്ന അനുമോദന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്തു.കലാവേദി ഗ്രന്ഥശാല പ്രസിഡന്റ് ബി. ദീപക്ക് അദ്ധ്യക്ഷനായി. രക്ഷാധികാരി മോഹനചന്ദ്രൻപിള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി സെക്രട്ടറി ഷൺമുഖദാസ്, കൗൺസിലർ ഗിരിജ സന്തോഷ് എന്നിവർ സംസാരിച്ചു. ഉപരിസമിതി അംഗം ആർ.രാജശേഖരൻ പിള്ള സ്വാഗതവും ബാലജനസഖ്യം കോർഡിനേറ്റർ എസ്. സ്നേഹ നന്ദിയും പറഞ്ഞു. സംസ്ഥാന തല സംഘനൃത്ത മത്സരം നടന്നു.