
ചാത്തന്നൂർ: മൂന്നാം തവണയും നെൽകൃഷിയ്ക്കായി നടയ്ക്കൽ ഏല ഒരുങ്ങി. നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. തരിശ് കിടന്ന എട്ടേക്കർ നിലം രണ്ട് വർഷം മുമ്പ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്.വിളവെടുക്കുന്ന നെല്ല് കല്ലുവാതുക്കൽ കൃഷിഭവൻ വഴി സപ്ലൈകോയ്ക് നൽകും.കാലാവസ്ഥ വ്യതിയാനവും വിത്തും അനുബന്ധസാധനങ്ങളും യഥാസമയം ലഭിക്കാത്തതുകൊണ്ട് രണ്ടാം വിള കൃഷിചെയ്യാൻ കഴിഞ്ഞിരുന്നില്ല.
തൊഴിലാളികളെ കിട്ടാനില്ലാത്തതും കൂലി ചെലവ് കൂടിയതും കാരണം നെൽ കൃഷിയിൽ കർഷകർ പിന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ലൈബ്രറി പ്രവർത്തകരായ മുൻ ഇത്തിക്കര ബി.ഡി.ഒ ശരത്ചന്ദ്രകുറുപ്പ്, എൽ.എ.എൻ.എച്ച് വടക്കേവിള യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്‌കുമാർ നടയ്ക്കൽ, ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ.പി.വി എന്നിവരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.
കാർഷിക യന്ത്രങ്ങൾ ഏലയിൽ ഇറക്കുന്നതിനായി റാമ്പ് നിർമ്മിക്കുന്നതിന് ജി.എസ്.ജയലാൽ എം.എൽ.എ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും റാമ്പ് നിർമാണം ആരംഭിച്ചിട്ടില്ല.മഴക്കാലത്ത് ഓടകളിൽ നിന്നുള്ള വെള്ളം ഏലയിലേയ്ക് എത്തി ബണ്ടുകൾ മുറിഞ്ഞ് കൃഷിനാശം സംഭവിക്കുന്നത് തടയാൻ തടയണ കെട്ടിയും വേനൽക്കാലത്ത് തോട്ടിൽ നിന്ന് വെള്ളം ഏലായിലേയ്ക് എത്തിക്കുന്നതിന് വെള്ളച്ചാൽ നിർമ്മിച്ചും ഏല സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.