കരുനാഗപ്പള്ളി: കൊതിമുക്ക് വട്ടക്കായലിൽ കക്കവാരുന്നതിനിടെ പായലിൽ കുടുങ്ങിയ തൊഴിലാളിയായ കോഴിക്കോട് സ്വദേശി റഹീമിനെ ചവറ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാവിലെ ചെറുവള്ളത്തിൽ എത്തി കക്കാവാരാൻ തുടങ്ങിയ റഹീമിനെ വള്ളത്തോടൊപ്പം പായലിൽ കുടുങ്ങിപ്പോവുകയായിരുന്നു. കൊതിമുക്ക് പ്രദേശത്ത് ഒരു പ്രതിയെ പിടികൂടാനെത്തിയ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതായിരുന്നു. ഈ സമയത്താണ് റഹീം കായലിൽ നിന്ന് കര കയറാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്​. ഉടൻ തന്നെ വിവരം ചവറ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. തുടർന്ന്,​ ഫയർഫോഴ്സ് ഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ റഹീമിനെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.