
ചവറ : ദേശീയപാതയിൽ നീണ്ടകരയിൽ കാറുകൾ കൂട്ടിയിടിച്ച് 7പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഓച്ചിറ മേമന മഹാലക്ഷ്മി കിഴക്കതിൽ മുകേഷ്, ഭാര്യ ഉത്തര, പിതാവ് മുരളി, അമ്മ സജിനി, മുകേഷിന്റെ ബന്ധുവത്സല, കല്ലമ്പലം അട്ടറക്കോണം സ്വദേശികളായ ആസിഫ് മൺസിലിൽ ആസിഫ്, ജമീല എന്നിവർക്കാണ് പരിക്ക് പറ്റിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകുന്നേരം നീണ്ടകര പുത്തൻതുറ ബേക്കറി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. യാത്രക്കാരെ കയറ്റാനായി സ്വകാര്യ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെ വന്ന ആംബുലൻസും ബസിന് പിന്നിൽ നിർത്തി. ഈ സമയം കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ആസിഫ് ഓടിച്ച കാർ, എതിരെ വന്ന മുകേഷിന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഘാതത്തിൽ കാറുകൾ നിയന്ത്രണം വിട്ട് ആംബുലൻസിലിടിച്ചതാണ് അപകടകാരണം. ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ നീണ്ടകര താലൂക്കാശുപത്രിയിലെത്തിച്ചു.