maniyankulam

പരവൂർ: ഒരുകാലത്ത് തെളിനീരൊഴുകിയിരുന്ന പരവൂർ കായലിനേയും ഇടവ നടയറ കായലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന മണിയംകുളം തോട് ഇന്ന് മാലിന്യ വാഹിനിയായി മാറിയിരിക്കുന്നു. പണ്ട് പ്രദേശവാസികൾ കുളിക്കാനും തുണി കഴുകാനും മറ്റും ഉപയോഗിച്ചിരുന്ന തോട്ടിലെ വെള്ളം ഇന്ന് ദേഹത്ത് വീണാൽ രോഗം പിടിപെടുമെന്ന അവസ്ഥയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമെ അറവ് മാലിന്യങ്ങളും പൗൾട്രിഫാമുകളിലെയും ഹോട്ടലുകളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും വീടുകളിലെയും അവശിഷ്ടങ്ങളും തോട്ടിലേക്ക് തള്ളുന്നിനാൽ ദുർഗന്ധം മൂലം നാട്ടുകാർ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.ദുർഗന്ധം കാരണം സമീപത്തുള്ള കായലഴികം ക്ഷേത്രത്തിലേക്ക് പോകാനും പ്രദേശവാസികൾ ബുദ്ധിമുട്ടുന്നു. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്കും കയർ മേഖലയിൽ പണിയെടുക്കുന്നവർക്കും വള്ളം കൊണ്ടുപോകാൻ കഴിയാത്ത തരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുകയാണ്.ഏഴ് വർഷം മുൻപ് ലക്ഷങ്ങൾ ചെലവാക്കി തോടിന്റെ ഇരുവശത്തും സൈഡ് വാളുകളും ബോട്ട് ജെട്ടികളും നിർമ്മിക്കുകയും നഗരസഭയുടെ നേതൃത്വത്തിൽ രണ്ട് കോടി മുടക്കി നവീകരണവും നടത്തിയിരുന്നു. എന്നിട്ടും തുടരുന്ന മാലിന്യ നിക്ഷപം തടയാൻ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോടിന്റെ കരകളിലെ കുടിയേറ്റ താമസക്കാരെ ഒഴിപ്പിച്ച് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് ഉൾനാടൻ ജലഗതാഗതവകുപ്പിന് കൈമാറിയിട്ട് 13വർഷം കഴിഞ്ഞു. ആൾ താമസം ഇല്ലാതായതോടെ മാലിന്യം തോട്ടിൽ തള്ളുന്നത് വ്യാപകമായി. തോട്ടിലെ മാലിന്യ നിക്ഷേപം നാടിന് ഭീക്ഷണിയാകുമെന്നും പകർച്ചാവ്യാധികൾക്കിടയാക്കുമെന്നും പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



'തോട്ടിൽ മാലിന്യം നിറഞ്ഞതോടെ പരമ്പരാഗത കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പട്ടിണിയിലായി. തൊഴിലാളികൾക്ക് വള്ളത്തിൽ പോകാനും മീൻ പിടിക്കാനും കഴിയുന്നില്ല. വെള്ളം ശരീരത്തിൽ വീണാൽ ചൊറിഞ്ഞ് തടിക്കുകയാണ്. തോട് സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

മണിയംകുളം തോട് വൃത്തിയാക്കി ഗതാഗതയോഗ്യമാക്കണം.

പരവൂർ സജീബ്

മുൻ നഗരസഭ കൗൺസിലർ


.