
കൊല്ലം: തങ്കശേരി ലൈറ്റ് ഹൗസിനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ ബ്രേക്ക് വാട്ടർ പാർക്ക് തുറക്കാൻ വൈകുന്നു. ഓണത്തിന് തുറക്കാനായിരുന്നു ആദ്യ തീരുമാനം. പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന ശേഷമുള്ള പരിപാലന സംവിധാനങ്ങളെപ്പറ്റി ധാരണ രൂപപ്പെടാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണം. തുറമുഖ വകുപ്പിന്റെ സ്ഥലത്ത് ടൂറിസം വകുപ്പാണ് പാർക്ക് നിർമ്മിച്ചത്.തുറമുഖ വകുപ്പാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ടൂറിസം, ഹാർബർ വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയായതിനാൽ ഇരുവകുപ്പുകളുടെയും പങ്കാളിത്തത്തോടു കൂടിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണം നടത്തിപ്പെന്ന നിർദേശം സർക്കാരിന്റെ പരിണനക്കായി സമർപ്പിച്ചിരിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതാണ് പാർക്ക് തുറക്കുന്നത് നീണ്ടു പോകാൻ കാരണം.
ആസ്വദിക്കാം കടൽക്കാഴ്ചകൾ
കടലും അസ്തമയവും തുറമുഖവും വിസ്മയക്കാഴ്ചകൾ ഒരുക്കുന്ന പാർക്കിൽ സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സൈക്കിൾ ട്രാക്ക് ഉൾപ്പെടെ കുട്ടികൾക്കായുള്ള പാർക്കും ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും വ്യൂ ഡെക്കും ഇരുന്നൂറോളം പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിന് മദ്ധ്യത്തിലെ വ്യൂ ഡക്കിൽ നിന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കാം. നാല് കിലോമീറ്റർ ദൂരം വരുന്ന പുലിമുട്ടിലൂടെ സവാരിക്കും സൗകര്യം ഒരുക്കുന്നുണ്ട്. ഇൻഫർമേഷൻ സെന്റർ, റസ്റ്റോറന്റ്, കിയോസ്കുകൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പദ്ധതി ചെലവ് ₹ 10 കോടി
ബ്രേക്ക് വാട്ടർ പാർക്ക് ചെലവ് ₹ 5.55 കോടി
തങ്കശേരി പൈതൃക പുനഃസൃഷ്ടിക്ക് പദ്ധതി.
1. കാവൽ ആർച്ച് മുതൽ തങ്കശേരി വരെ റോഡ് നവീകരണം.
2. റോഡിന് ഇരുവശവും അലങ്കാര വിളക്കുകൾ.
3. കാവൽ ആർച്ച് ഗേറ്റ് പുതുക്കൽ.
4. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെട്ടിടം- ചരിത്ര മ്യൂസിയം.
5. പ്രോജക്ട് തയ്യാറായി വരുന്നു.