
കുന്നിക്കോട്: മലയാള സിനിമയിലെ മഹാനടനായ കൊട്ടാരക്കര ശ്രീധരൻ നായരുടെ സ്മരണാർത്ഥം ശില്പം നിർമ്മിച്ച് പുതുജീവൻ നൽകിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശിയും ശില്പിയുമായ ബിജു ചക്കുവരയ്ക്കൽ. ഇംഗ്ലീഷിൽ ബിരുദം നേടിയ ബിജു പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ശില്പങ്ങൾ ഇദ്ദേഹം കേരളത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ശില്പത്തോടൊപ്പം കൊട്ടാരക്കര തമ്പുരാന്റെ ശില്പം കൂടി സ്ഥാപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. വരുന്ന മാസം രണ്ട് ശില്പങ്ങളും പൂർത്തിയാക്കി ദേശീയപാതയോരത്ത് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യമായിട്ടാണ് കൊട്ടാരക്കര ശ്രീധരൻ നായർക്ക് ആദരസൂചകമായി ജന്മനാട്ടിൽ ഇത്തരമൊരു ശില്പം നിർമ്മിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ നന്ദികേശ ശില്പം നിർമ്മിച്ചിട്ടുള്ളത് ബിജു ചക്കുവരയ്ക്കലാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശില്പം, സൂര്യ കൃഷ്ണമൂർത്തിയുടെ ഭവനത്തിൽ നിർമ്മിച്ചിട്ടുള്ള ഗണപതിയുടെ 32 മുഖഭാവങ്ങളുടെ ശില്പങ്ങൾ തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്. പുനലൂർ നഗരസഭയുടെ 'ജങ്ക്-ലേ പാർക്കിൽ' അജൈവമാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച ശില്പങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കൊട്ടാരക്കര തപാൽ വകുപ്പ് ജീവനക്കാരിയായ മഞ്ജുഷ രാജാണ് ഭാര്യ. ചെങ്ങമനാട് ബി.ആർ.എം. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ നീലാംബരിയും, മൂന്നാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ സവേരിയും മക്കളാണ്.
പുതുമയാർന്ന നിർമ്മാണം
രണ്ട് മാസമെടുത്ത് പൂർത്തിയാക്കിയ ശില്പം പ്രധാനമായും സിമന്റിലാണ് നിർമ്മിച്ചിട്ടുള്ളത്. ശില്പത്തിന് ബലമേകാൻ ആദ്യം ഇരുമ്പുകമ്പി കൊണ്ട് ഫ്രേം നിർമ്മിച്ചു. ശേഷം സിമന്റ് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് പുറമേ രൂപം വരുത്തിയെടുത്തു. ചെറിയ കരണ്ടിയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചാണ് തുടർ നർമ്മാണം. പുറത്ത് സ്ഥാപിക്കുന്ന ശില്പമായതിനാൽ വെയിലും മഴയുമേറ്റ് വേഗത്തിൽ നിറം മങ്ങാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളയോട് സാമ്യമുള്ള ഇളം ഐവറി നിറത്തിലുള്ള പ്രത്യേകതരം പെയിന്റാണ് പൂശിയത്.
ചെന്നൈ മറീനാ ബീച്ചിൽ കടലിലും കരയിലും ഉപേക്ഷിക്കപ്പെട്ട പാഴ് വസ്തുക്കൾ കൊണ്ട് ദേശത്തെ തന്നെ ഏറ്റവും വലിയ ആർട്ട് ഗാലറി തമിഴ്നാട് സർക്കാരിന്റെ സഹായത്തോടെ നിർമ്മിക്കണമെന്നതാണ് ആഗ്രഹം.
ബിജു ചക്കുവരയ്ക്കൽ, ആർടിസ്റ്റ്