phot

അനുവദിച്ചത് ₹ 10.92 കോടി

പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അറവുശാല നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് 10.92 കോടി രൂപ അനുവദിച്ചു.

വർഷങ്ങളായി മാർക്കറ്റിനുള്ളിൽ അറവുശാലയുടെ അഭാവം മൂലം നഗരസഭ തയ്യാറാക്കി നൽകിയ പ്രോജക്ടിനെ തുടർന്നാണ് തുക അനുവദിച്ചത്. പഴയ അറവുശാലയോട് ചേർന്ന് അര ഏക്കർ ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ അറവുശാല നിർമ്മിക്കുന്നത്.

ഇൻപാക്ട് കേരള ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഇതിന് മുന്നോടിയായി പൊല്യൂഷൻ അധികൃതർ കഴിഞ്ഞ മാസം മാക്കറ്റിനുള്ളിലെത്തി അറവുശാല നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പരിശോധന നടത്തി. ഈ ആഴ്ചയിൽ വീണ്ടും പരിശോധന നടത്തുമെന്ന് നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു.

ബയോഗ്യാസ് പ്ലാന്റിന് പുറമെ, മാടുകളെ പരിശോധിക്കുന്ന ഡോക്ടർക്ക് ഇരിക്കാൻ അധുനിക സൗകര്യങ്ങളും അറവുശാലയിൽ സജ്ജമാക്കും. ആധുനിക അറവുശാലയിലെ മെഷ്യനിൽ മാടിനെ കയറ്റി വീട്ടാൽ മറ്റൊരു ഭാഗത്ത് കൂടി അതിന്റെ കഷണങ്ങൾ പുറത്തേക്ക് വരുന്ന തരത്തിലുള്ള ആധുനിക സംവിധാനമാണ് ഒരുക്കുന്നത്.

നേരിട്ടത് കോടികളുടെ നഷ്ടം

കഴിഞ്ഞ എട്ട് വർഷമായി പുനലൂർ ശ്രീരാമപുരം മാർക്കറ്റിനുള്ളിൽ അറവുശാല ഇല്ലായിരുന്നു. ഇതുകാരണം ഇറച്ചിക്കട ലേലത്തിൽ നൽകാൻ കഴിയാത്തത് മൂലം കോടികളുടെ നഷ്ടവും നഗരസഭയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ആധുനിക സൗകര്യങ്ങളോട് കൂടിയ അറവുശാലയ്ക്കായി നഗരസഭ പുതിയ പ്രോജക്ട് തയ്യാറാക്കിയത്.

തദ്ദേശ സ്വയംഭരണ മേഖലയിൽ ആധുനിക അറവുശാല നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് കേരളത്തിൽ ആദ്യമായി തുക അനുവദിക്കുന്നത് പുനലൂർ ശ്രീരാമപുരം മാർക്കറ്റിനാണെന്ന പ്രത്യേകതയുമുണ്ട്.

നഗരസഭാ അധികൃതർ