കൊട്ടാരക്കര: റോഡിൽ ടാറിംഗിന്റെ പൊടിപോലുമില്ല, അപകടങ്ങൾ നിത്യ സംഭവം. നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ പണയിൽ- പാറയിൽമുക്ക് റോഡിൽ യാത്രാ ദുരിതമേറുന്നു. കോട്ടാത്തല പണയിൽ ജംഗ്ഷനിൽ നിന്ന് തുടങ്ങി തേവലപ്പുറം പാറയിൽ ജംഗ്ഷൻ വരെ നീളുന്ന റോഡിലാണ് ദുരിതയാത്ര. റീ ടാറിംഗ് നടന്നിട്ട് വർഷങ്ങളായി. ഇടയിലഴികം ഭാഗത്തും ആലിൻകുന്നിൻപുറത്തിനടുത്തുള്ള കയറ്റമുള്ള ഭാഗത്തും ടാറിംഗ് ഇളകിപ്പോയതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ തീർത്തും ബുദ്ധിമുട്ടുണ്ട്.
പണയിൽ ജംഗ്ഷനും പാറയിൽ മുക്കിനുമിടയിൽ കുറവൻചിറ- ജംഗ്ഷൻ മുതൽ തലയണിവിള ജംഗ്ഷൻ വരെയുള്ള അര കിലോമീറ്റർ ദൂരം പൊതുമരാമത്ത് വക മൂർത്തിക്കാവ്- മനക്കരക്കാവ് റോഡിന്റെ ഭാഗമാണ്. അത്രയും ഭാഗത്തെ ടാറിംഗിന് വലിയ പ്രശ്നങ്ങളില്ല. ശേഷിക്കുന്നഭാഗമാണ് പൊട്ടിപ്പൊളിഞ്ഞത്. റോഡിന്റെ ചിലയിടങ്ങളിൽ കുണ്ടും കുഴിയുമായി മാറി. ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഓട്ടോകളുൾപ്പടെ ഓട്ടം വരാൻ മടിക്കുകയാണ്. ഇതുമൂലം യാത്രാക്ളേശവും രൂക്ഷമാണ്. ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉള്ള റോഡാണ്. എന്നാൽ ഇത് വല്ലപ്പോഴും മാത്രമാണ് സർവീസുള്ളത്. നെടുവത്തൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായിട്ടും തകർച്ചയ്ക്ക് പരിഹാരമുണ്ടാകുന്നില്ല.
റോഡിന്റെ സ്ഥിതി കൂടുതൽ ദയനീയമാകുന്നുണ്ട്. റീ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകിയിരുന്നു. മന്ത്രി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡിന്റെ നിർമ്മാണത്തിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ.
വി.സുമാലാൽ, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
പണയിൽ- കുറവൻചിറ റോഡിന്റെ ദുരിതാവസ്ഥ കൂടിവരികയാണ്. ടാറിംഗ് ഇളകിമാറി റോഡ് പൂർണമായും നശിച്ചു. ഇനിയും റീ ടാറിംഗ് വൈകിയാൽ നാടിന്റെ യാത്രാദുരിതമേറും. അടിയന്തരമായി റോഡ് റീടാറിംഗ് നടത്തണം.
ജി.ഷൈജു, കേരള കൗമുദി ഏജന്റ്, പണയിൽ