ngo
എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്ചേർന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്രസർക്കാർ നയങ്ങൾ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കുന്ന കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്‌പാപരിധിയിലും വെട്ടിക്കുറവ് വരുത്തുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഉന്നത തസ്‌തികകളിൽ പോലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തി സിവിൽ സർവീസിനെ ചുരുക്കുന്ന കേന്ദ്രസർക്കാർ, പട്ടാളത്തെയും കരാർവത്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ എന്നിവർ സംസാരിച്ചു. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ട്രഷറർ ബി. സുജിത് നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. ബഷീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.