കൊല്ലം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതികൾ കൂടുതലായി ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയേൽ പറഞ്ഞു. ഇളമാട് സർവീസ് സഹകരണ ബാങ്കിന്റെ ഫാർമേഴ്സ് ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയായ സഹകരണസംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം പദ്ധതിയിലൂടെയാണ് ബാങ്ക് ഫാർമേഴ്സ് ഹെൽത്ത് സെന്റർ ആരംഭിച്ചത്. 10 ലക്ഷം രൂപയാണ് ഫാർമേഴ്സ് ഹെൽത്ത് സെന്റർ ആരംഭിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.
ഇളമാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.സി. ബിനുകുമാർ അദ്ധ്യക്ഷനായി. ഭരണസമിതി അംഗം ജി. വിക്രമൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത് പദ്ധതി വിശദീകരിച്ചു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈൻ കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, വ്യവസായവകുപ്പ് മാനേജർ ദിനേഷ്, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.