photo

കരുനാഗപ്പള്ളി: രാജ്യത്ത് മതസ്വാതന്ത്ര്യവും സാഹോദര്യവും നിലനിർത്താൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അഭിപ്രായപ്പെട്ടു. നബി തിരുമേനിയുടെ 1497-ം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജമാഅത്ത് യൂണിയൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ട് നാടിന്റെ വികസനത്തിലും പുരോഗതിയിലുമാണ് സമൂഹം ലക്ഷ്യം വയ്ക്കേണ്ടത്. മതത്തിന്റെ പേരിൽ വിഭാഗീയതയും വർഗീയതയും വളർത്തുന്നവർക്കെതിരെ സമൂഹം ശക്തമായ പ്രതിരോധനിര തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, സി.ആർ.മഹേഷ് എം.എൽ.എ, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആർ.രാമചന്ദ്രൻ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കെ.സി.രാജൻ, അഡ്വ.എം.ഇബ്രാഹിംകുട്ടി, അബ്ദുൽ വാഹിദ് കുരുടന്റയ്യത്ത്, അഡ്വ.എം.എ.ആസാദ്, വാഴയത്ത് ഇസ് മെയിൽ, എം.അൻസാർ, നാസർ എസ്. കുരുടന്റയ്യത്ത്, സി.എം.എ നാസർ, പി.എച്ച്.മുഹമ്മദ്കുഞ്ഞ്, അബ്ദുൽവാഹിദ് അറേബ്യൻ, അബ്ദുൽ റഊഫ് കോട്ടക്കര, അബ്ദുൽ വാഹിദ് കെ.സി.സെന്റർ, സലിം മണ്ണേൽ എന്നിവർ സംസാരിച്ചു. മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ.പി. അബൂബക്കർ അൽഖാസിമി അനുഗ്രഹ പ്രഭാഷണം നടത്തി. ടൗൺ മസ്ജീദ് ഇമാം മുഹമ്മദ് ഷാഹിദ്മൗലവി ഖിർഅത്ത് ആലപിച്ചു. ജമാഅത്ത് യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. കെ.എ.ജവാദ് സ്വാഗതവും ഖലീലുദ്ദീൻ പൂയപ്പള്ളിൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലി നടന്നു. പുതിയകാവ് നിസ്ക്കാര പള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച മഹാറാലി ടൗൺ ചുറ്റി നഗരസഭാ കാര്യാലയത്തിന് സമീപത്തെ സമ്മേളനസ്ഥലത്ത് സമാപിച്ചു. താലൂക്ക് ജമാഅത്തിന്റെ പരിധിയിലെ 35 അംഗ മഹല്ലിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുത്തത്. യുവാക്കളുടെയും കുട്ടികളുടെയും കലാപരിപാടികൾ റാലിക്ക് പൊലിമയേകി.