കുളത്തൂപ്പുഴ: കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ പടക്കം പൊട്ടി ഗൃഹനാഥന് കൈപ്പത്തി നഷ്ടമായി. കുളത്തൂപ്പുഴ ഡാലികരിക്കം ചരുവിള വീട്ടിൽ വേണുവിന്റെ(70)ഇടതു കൈപ്പത്തിയാണ് അറ്റുപോയത്. കഴിഞ്ഞ രാത്രിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാനായി പടക്കം കത്തിച്ചെറിയുന്നതിനിടെയാണ് അപകടം. ഇടതുകൈപ്പത്തി ചിതറിത്തെറിച്ചു. സമീപവാസികളുടെ സഹായത്തോടെ ആനയെ കാട്ടിലേക്ക് തുരത്തിയശേഷം വേണുവിനെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.