
56 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
കൊല്ലം: ദേശീയപാത 744ന് സമാന്തരമായി നിർമ്മിക്കുന്ന ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമായി.
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് പ്രാഥമിക വിജ്ഞാപനം. കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ 174 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള വിജ്ഞാപനം അടുത്ത ദിവസങ്ങളിൽ നാഷണൽ ഹൈവേ ഡെപ്യൂട്ടി കളക്ടർ പുറപ്പെടുവിക്കും.
കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 58.92 കിലോമീറ്റർ ദൂരമാണ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ 38.24 കിലോമീറ്റർ പുതുതായി നിർമ്മിക്കുന്നതും ബാക്കി നിലവിലുള്ള റോഡുമാണ്. കടമ്പാട്ടുകോണം, പത്തടി, കുളത്തൂപ്പുഴ, തെന്മല വരെയുള്ള ഭാഗം ഗ്രീൻഫീൽഡ് ഹൈവേയിൽ ഉൾപ്പെടും. തെന്മല മുതൽ ആര്യങ്കാവ് വരെ നിലവിലുള്ള റോഡും വികസിപ്പിക്കും.
പാലങ്ങൾ, കലുങ്കുകൾ, ഓടകൾ, സംരക്ഷണഭിത്തികൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും.
രണ്ട് ജില്ലകളിലായി 230 ഹെക്ടർ ഭൂമി
കരട് വിജ്‌ഞാപനം വന്നുകഴിഞ്ഞാൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിടും
വീണ്ടും സർവേ നടത്തി ഫൈനൽ വിജ്‌ഞാപനം പുറപ്പെടുവിച്ച ശേഷമാവും നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുക
ഭൂമി ഏറ്റെടുക്കലിന്റെ 75 ശതമാനം തുക ദേശീയപാത വികസന അതോറിറ്റിയും 25 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് വഹിക്കുക
ആകെ ഏറ്റെടുക്കുന്ന ഭൂമി - 230 ഹെക്ടർ
വർക്കല താലൂക്ക് - 56 ഹെക്ടർ
കൊട്ടാരക്കര, പുനലൂർ- 174 ഹെക്ടർ
റോഡിന്റെ വീതി 45 മീറ്റർ (4 വരി പാത)
വനമേഖലയിൽ - 30 മീറ്റർ
പദ്ധതി അടങ്കൽ തുക ₹ 4047 കോടി
വിജ്ഞാപനം അടിയന്തരമായി പ്രസിദ്ധീകരിച്ച് തുടർ നടപടി സ്വീകരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്കും ലാൻഡ് റവന്യൂ കമ്മിഷണർക്കും ജില്ലാ കളക്ടർക്കും കത്ത് നൽകി.
എൻ.കെ. പ്രേമചന്ദ്രൻ എം.പി