bjp

 അജണ്ടകൾ ഒരുമിച്ച് പാസാക്കി

കൊല്ലം: സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട് കരാറുകാരുടെ ഇ.എം.ഡി തുക ട്രഷറിയിൽ നിന്ന് പിൻവലിച്ച സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ വായിക്കാതെ ഒരുമിച്ച് പാസാക്കി മേയർ കൗൺസിൽ യോഗം പിരിച്ചുവിട്ടു.

മേയറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞായിരുന്നു ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. കൗൺസിലിൽ നിന്ന് വാക്ക് ഔട്ട് ചെയ്യാനായിരുന്നു ബി.ജെ.പി - കോൺഗ്രസ് കൗൺസിലർമാരുടെ ആദ്യ നീക്കം. എന്നാൽ വാക്ക് ഔട്ടിന് മുമ്പേ മേയർ യോഗം പിരിച്ചുവിട്ടതോടെ ബി.ജെ.പി കൗൺസിലർമാർ ഹാളിനുള്ളിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

അഴിമതി പിടിക്കപ്പെടാതിരിക്കാൻ കോർപ്പറേഷനിൽ ഫയലുകളെല്ലാം കത്തിക്കുകയാണെന്നും സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട ഉദ്യോഗസ്ഥരെയും കരാറുകാരെയും സംരക്ഷിക്കുന്ന മേയർ രാജിവയ്ക്കണമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് പറഞ്ഞു. ഇതോടെ എൽ.ഡി.എഫ്- ബി.ജെ.പി കൗൺസിലർമാർ തമ്മിൽ വാക് പോരായി. കോർപ്പറേഷന്റെ വികസന പദ്ധതികൾ മറയ്ക്കാനാണ് പ്രതിപക്ഷ കൗൺസിലർമാർ അർത്ഥരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പള്ളിമുക്ക് കൗൺസിലർ എം. സജീവ് പറഞ്ഞു. കോർപ്പറേഷൻ നടപ്പാക്കിയ വികസനങ്ങളുടെ അടയാളങ്ങൾ നഗരത്തിലാകെ ഉണ്ടെന്നും യു.ഡി.എഫിന്റെ പാർലമെന്റ് അംഗം നഗരത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും സജീവ് പറഞ്ഞതോടെ യു.ഡി.എഫ് കൗൺസിലർമാരും പ്രതിഷേധവുമായി എഴുന്നേറ്റു. ചർച്ച അവസാനിച്ച ശേഷം ആരോപണങ്ങൾക്ക് താൻ മറുപടി പറയുമെന്ന് മേയർ ഉറപ്പു നൽകിയതോടെയാണ് വാഗ്വാദം അവസാനിച്ചത്.

സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ടതിൽ പങ്കുള്ള താത്കാലിക ജീവനക്കാരൻ കൗൺസിൽ ഹാളിനുള്ളിൽ തന്നെയുണ്ടെന്ന് കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആർ.എസ്.പി കൗൺസിലർ പുഷ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ഹണി ബഞ്ചമിൻ എന്നിവരും ആവശ്യപ്പെട്ടു. ട്രഷറിയിൽ നിന്ന് ക്രമക്കേട് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ പൊലീസിന് പരാതി നൽകിയെന്ന് മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉദയകുമാർ പറഞ്ഞു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ജയൻ, എ.കെ. സവാദ്, കൗൺസിലർമാരായ സജീവ്, നിസാമുദ്ദീൻ, അഭിമന്യു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വ്യാജ ഒപ്പിട്ട സംഭവത്തിൽ ആരോപണ വിധേയനായ താത്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്താനുള്ള കൗൺസിൽ യോഗത്തിലെ അജണ്ടയിൽ ബി.ജെ.പി കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകി.

സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട സംഭവത്തിൽ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടിയെടുക്കും.

പ്രസന്ന ഏണസ്റ്റ്,​ മേയർ