
പത്തനാപുരം : അപകടങ്ങൾ പതിവായിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്ത പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കുമെതിരെ സ്വയം സിഗ്നലായി പഞ്ചായത്തംഗം. തലവൂർ രണ്ടാലുംമൂട് ജംഗ്ഷനിലാണ് പഞ്ചായത്തംഗം രഞ്ജിത്തിന്റെ വേറിട്ട പ്രതിഷേധം. നാല് റോഡുകൾ സംഗമിക്കുന്ന ഇവിടെ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ അപകടങ്ങൾ നിത്യ സംഭവമാണ്. നിരവധി തവണ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടും യാതൊരു ഫലവുമില്ലാതെ വന്നതോടെയാണ് വേറിട്ട പ്രതിഷേധവുമായി വാർഡ് മെമ്പർ രഞ്ജിത്തും ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തിയത്. സോളാറിന്റെ സഹായത്തോടെ സിഗ്നൽ ലൈറ്റിന്റെ മാതൃക നിർമ്മിച്ച് അത് തലയിലേന്തിയായിരുന്നു പ്രതിഷേധം. അടിയന്തര തീരുമാനം ഉണ്ടാകും വരെ പ്രതിഷേധിക്കാനാണ് തീരുമാനം.