veedu

കൊല്ലം: ജില്ലയിലെ അതിദരിദ്രരായ നൂറ് ഭവനരഹിത കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാൻ ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. പൊതുവിഭാഗത്തിൽ 75 പേർക്കും എസ്.സി വിഭാഗക്കാരായ 25 പേർക്കുമാകും വീട് നൽകുക.

ഓരോ വീടിനും ആറുലക്ഷം രൂപ ചെലവാക്കും. നാലുലക്ഷം രൂപ ജില്ലാ പഞ്ചായത്തും രണ്ടുലക്ഷം രൂപ ഹൗസിംഗ് ബോർഡുമാണ് വഹിക്കുക. ഹൗസിംഗ് ബോർഡാണ് നിർവഹണ ഏജൻസി. ഇവർ തന്നെ വീടിന്റെ രൂപരേഖ തയ്യാറാക്കും. ലൈഫ് മിഷനാണ് അർഹരെ കണ്ടെത്തുക.

നിലവിൽ പഞ്ചായത്തുകൾ കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ, സംസ്ഥാന പദ്ധതിയായ ലൈഫ് എന്നിവ വഴി ഭവനരഹിതർക്ക് വീട് നിർമ്മാണത്തിന് പണം നൽകുന്നുണ്ട്. രണ്ട് പദ്ധതികളിലും നാല് ലക്ഷം രൂപ മാത്രമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ആറ് ലക്ഷം രൂപയുടെ ഭവനനിർമ്മാണ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് നിലവിൽ പട്ടികവർഗ വിഭാഗങ്ങൾക്കായി സാഫല്യം പദ്ധതി നടപ്പാക്കുന്നുണ്ട്. ആദ്യമായാണ് ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഭവന നിർമ്മാണ പദ്ധതി നടപ്പാക്കുന്നത്.

അനിൽ.എസ് കല്ലേലിഭാഗം

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ