പുനലൂർ: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണ ജോലികളുമായി ബന്ധപ്പെട്ട് ഒരുമാസമായി പുനലൂർ പട്ടണത്തിൽ കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണ് . എന്നാൽ കുടിവെള്ള വിതരണം നടത്താനുള്ള യാതൊരു നടപടിയും വാട്ടർ അതോറിട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അതോടെ ഇന്നലെ രാവിലെ 10ന് ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള കൗൺസിലർമാർ പുനലൂരിലെ വാട്ടർ അതോറിട്ടി ഓഫീസിൽ എത്തി. 22 ജീവനക്കാരുള്ള ഓഫീസിൽ വെറും 8പേർ മാത്രമാണ് ഹാജരുണ്ടായിരുന്നത്.
ജീവനക്കാർ ഇല്ലാത്ത വാട്ടർ അതോറിട്ടി ഓഫീസ് അടച്ചുപൂട്ടണമെന്ന് നഗരസഭ ചെയർപേഴ്സൺ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റോഡ് നവീകരണങ്ങളുമായി ബന്ധപ്പെട്ട് താറുമാറായ ജലവിതരണ പൈപ്പുകൾ പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിയാത്തത് കാരണം പട്ടണത്തിൽ ശുദ്ധജല വിതരണം ഒരു മാസമായി താറുമാറിയി കിടക്കുകയാണ്. പി.എസ്.സുപാൽ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം കൂടിയ ഉദ്യോഗാസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗത്തിൽ വച്ച് കഴിഞ്ഞ മാസം 30നകം പൈപ്പ് ലൈനുകൾ പുനസ്ഥാപിച്ച് ജലവിതരണം തടസങ്ങളില്ലാതെ പുനരാരംഭിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.എന്നാൽ ഉറപ്പ് നൽകിയ പത്ത് ദിവസം കഴിഞ്ഞിട്ടും നഗരസഭ പ്രദേശങ്ങളിലും ശുദ്ധജല വിതരണം നടത്താൻ വാട്ടർ അതോറിട്ടിക്ക് കഴിഞ്ഞില്ല. ഇന്നലെ ഉച്ചക്ക് 1.30 വരെ വാട്ടർ അതോറിട്ടിയുടെ എൻജിനീയറോ, അസി.എൻജിനീയറോ ഓഫീസിൽ എത്താതായതോടെ ചെയർപേഴ്സൺ ജലവിഭവ വകുപ്പ് മന്ത്രി റോഷിൻ അഗസ്റ്റിനെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചു.തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ ഉടൻ ആവശ്യപ്പെടുമെന്നും ഇന്ന് രാവിലെ 10ന് വിഷയം പരിഹരിക്കുമെന്നും മന്ത്രി നൽകിയ ഉറപ്പിന്മേലാണ് ചെയർപേഴ്സണും കൗൺസിലർമാരും ഓഫീസിൽ നിന്ന് പിരിഞ്ഞത്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.പി.എ.അനസ്, വസന്ത രഞ്ചൻ, കൗൺസിലർമാരായ പ്രീയ പിള്ള, നിർമ്മല സത്യൻ,അജിത പ്രതാപൻ, ഷെമി അസീസ്,ശ്രീജ പ്രസാദ് തുടങ്ങിയവരും ചെയർപേഴ്സനൊപ്പം വാട്ടർ അതോറിട്ടി ഓഫീസിൽ എത്തിയിരുന്നു.