കൊല്ലം:ചിന്നക്കടയിലെയും കൊല്ലം റെയിൽവേ സ്റ്റേഷനിലെയും പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ ഈമാസം പ്രവർത്തനം ആരംഭിക്കാൻ കളക്ടർ, പൊലീസ് കമ്മിഷണർ, ട്രാഫിക് പൊലീസ് എസ്.എച്ച്.ഒ എന്നിവർക്ക് നിർദ്ദേശം നൽകി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ഉത്തരവിട്ടു. കേരള ജനകീയ ഉപഭോക്തൃസമിതി വൈസ് പ്രസിഡന്റ് കിളികൊല്ലൂർ തുളസി നൽകിയ പരാതിയിലാണ് ഉത്തരവ്.
ചിന്നക്കടയിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ അടഞ്ഞിട്ട് വർഷങ്ങളായി. റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ കൊവിഡ് വ്യാപനത്തിന് പിന്നാലെ റെയിൽവേ സർവീസുകൾ കൂട്ടത്തോടെ നിർത്തിയപ്പോൾ അടച്ചതാണ്. രണ്ടിടങ്ങളിലും ട്രാഫിക് വാർഡൻമാരെ നിയോഗിച്ചാണ് കൗണ്ടർ പ്രവർത്തിപ്പിച്ചിരുന്നത്. ഈ രണ്ട് കേന്ദ്രങ്ങളും യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരമുള്ള ടിക്കറ്റ് മുൻകൂട്ടി നൽകുന്നതിനാൽ ഓട്ടോ ഡ്രൈവർമാർക്ക് യാത്രക്കാരെ കൊള്ളയടിക്കാൻ കഴിയുമായിരുന്നില്ല. ട്രെയിൻ സർവീസുകൾ പൂർണതോതിലായിട്ടും റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ തുറക്കാത്തതിനാൽ പുറത്തുള്ള ഓട്ടോക്കാർ യാത്രക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.രണ്ട് കൗണ്ടറുകളുടെയും അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാമെന്നും ബൂത്ത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പാടാക്കാമെന്നും കോർപ്പറേഷൻ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.