
കൊല്ലം നഗരത്തിൽ ഏഴ് യുവാക്കൾ പിടിയിൽ
കൊല്ലം: എം.ഡി.എം.എയും കഞ്ചാവും ലഹരി ഗുളികകളുമായി ഏഴ് യുവാക്കളെ എക്സൈസ് പിടികൂടി. ഉളിയക്കോവിൽ കുറുവേലിൽ നന്ദു ( 24), കരിക്കോട് പനയ്ക്കൽ അനന്തു, മയ്യനാട് വലിയവിള കാരിക്കുഴി സുനാമി ഫ്ലാറ്റ് ജെ. 2 വീണ നിവാസിൽ വിവേക് വിശ്വനാഥ്, ആശ്രാമം കാവടിപ്പുറം പുത്തൻകണ്ടത്തിൽ ദീപു, ആശ്രാമം വൈദ്യശാല ദേശത്ത് ബി.എസ്.വി ഭവനിൽ വിഷ്ണു, ചന്ദനത്തോപ്പിൽ മാമൂട് പൊയ്കയിൽ അഖിൽ അശോകൻ (23), കൊട്ടാരക്കര മുസ്‌ളിം സ്ട്രീറ്റ് രഹനാസ് വില്ലയിൽ റമീസ് സുൽത്താൻ (21) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ട് ആഡംബര ബൈക്കുകൾ, 2.5 ഗ്രാം എ.ഡി.എം.എ, 150 ഗ്രാം കഞ്ചാവ്, ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തു. നന്ദു, അനന്തു എന്നിവരിൽ നിന്ന് 84 ഗ്രാം കഞ്ചാവും ടൈഡൽ ടാബ്‌ലറ്റും കണ്ടെടുത്തു. കടപ്പാക്കടയിൽ നിന്ന് 25 ഗ്രാം കഞ്ചാവ്, 10 ടൈഡൽ ടാബ്‌ലറ്റ് എന്നിവയുമായാണ് വിവേക് വിശ്വനാഥിനെ അറസ്റ്റിലായത്. ദീപു, വിഷ്ണു എന്നിവരിൽ നിന്ന് 1.5 ഗ്രാം എം.ഡി.എം.എയും 25 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
രണ്ടാംകുറ്റി ഭാഗത്ത് നിന്നാണ് ഒരു ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി അഖിൽ അശോകൻ അറസ്റ്റിലായത്. അഖിലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗൗതം ഓടി രക്ഷപ്പെട്ടു. ആശ്രാമത്ത് നിന്നാണ് 20 ഗ്രാം കഞ്ചാവുമായി റമീസ് സുൽത്താൻ പിടിയിലായത്. സിന്തറ്റിക് ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ റെയ്ഡ് തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷും അസി. എക്സൈസ് കമ്മിഷണർ വി.റോബർട്ടും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണു, പ്രിവന്റീവ് ഓഫീസർ ആർ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.എസ്.ശ്രീനാഥ്, ബി.എസ്.അജിത്ത്, മുഹമ്മദ് കാഹിൽ ബഷീർ, നിധിൻ, ജൂലിയൻ ക്രൂസ്, ജി.ഗോപകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏരൂരിൽ നാലുപേർ പിടിയിൽ
ഏരൂർ: 1.810 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം തോലൂർ പുത്തൻവീട്ടിൽ സിബിൻഷാ (26), ഭാരതീപുരം വേങ്ങവിള വീട്ടിൽ ആരിഫ്ഖാൻ (26), കൊല്ലം തട്ടാമല കുളങ്ങര ക്ഷേത്രത്തിന് സമീപം ചാത്ത്കാട്ട് വീട്ടിൽ അബി (25), കുളത്തൂപ്പുഴ വലിയേല ഷെഫിൻ മൻസിലിൽ ഷിഫാൻ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പൂവണത്തുംമൂട് ഓയിൽപാം എസ്റ്റേറ്റിനടുത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാറിൽ വരികയായിരുന്ന ഇവരുടെ പക്കൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തത്. എം.ഡി.എം.എ ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു. ഏരൂർ ഇൻസ്പെക്ടർ എം.ജി.വിനോദ് കുമാർ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ അനിമോൻ, സി.പി.ഒ തുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചടയമംഗലത്ത് യുവാവ് പിടിയിൽ
ചടയമംഗലം: ചടയമംഗലം റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജും സംഘവും നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിലായി. ഇളമാട് വില്ലേജിൽ മണിയൻമുക്ക് ആലുവാതുക്കൽ ഷാഹിദാ മൻസിലിൽ മുഹമ്മദ് ഷാൻ 0.22ഗ്രാം എം.ഡി.എം.എ, 2.64ഗ്രാം കഞ്ചാവുമായാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർ എ.എൻ.ഷാനവാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സനിൽകുമാർ, അഭിലാഷ്, സബീർ, ഹരികൃഷ്ണൻ, ബിൻ സാഗർ, വനിതസിവിൽ എക്സൈസ് ഓഫീസർ രോഹിണി, ഡ്രൈവർ സാബു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.