fire

 അധികൃതരെയും വെല്ലുവിളിക്കുന്നു

കൊല്ലം: വീടിനോട് ചേർന്ന്‌ അയൽവാസി നിരന്തരം പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കത്തിക്കുന്നതായി പരാതി. കടപ്പാക്കട ജനയുഗം നഗർ 103 സൂര്യാഞ്ജലിയിൽ ആർ.സുരേഷ്‌ ബാബുവിന്റെ വീടിനോട് ചേർന്ന്‌ നഗറിലെ 101എയിൽ കുബാത്തിൽ ബി.തോമസാണ് മാലിന്യം കത്തിക്കുന്നത്.

ഹൃദ്രോഗിയായ സുരേഷ് ബാബുവും ആസ്ത്മ രോഗികളായ ഭാര്യയും മകനും പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റും കത്തിക്കുന്ന പുക മൂലം ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മാലിന്യം കത്തിക്കുന്നത്‌ വിലക്കിയിരുന്നു. എന്നാൽ ഇപ്പോഴും മാലിന്യം കത്തിക്കുന്നത് തുടരുകയാണ്. സമീപത്തെ രണ്ട്‌ വീടുകളുടെ അടുക്കളയോട് ചേർന്ന ഭാഗത്താണ്‌ തീയിടുന്നത്‌. മുമ്പ് ഇവിടെ തീയിട്ടതിനെ തുടർന്ന്‌ തോമസിന്റെ സ്റ്റോർ റൂമും തേക്കുമരവും കത്തിനശിച്ചിരുന്നു. നിരവധി തവണ അധികൃതരെത്തി തോമസിന് താക്കീത് ചെയ്ത് നോട്ടീസ് നൽകിയിട്ടും നിയലംഘനം തുടരുകയാണ്.

മാലിന്യം കത്തിക്കുന്നതിനെതിരെ അടിയന്തര നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ കളക്ടർ, കോർപ്പറേഷൻ അധികൃതർ എന്നിവർക്ക് സുരേഷ് ബാബു വീണ്ടും പരാതി നൽകി.

പരാതി നൽകിയ വിരോധത്തിൽ തന്നെയും കുടുംബത്തെയും തോമസ് അസഭ്യം വിളിക്കുന്നത് പതിവാക്കിയിരിക്കുകയാണ്

സുരേഷ് ബാബു