photo
കൊട്ടാരക്കര ലോവർ കരിക്കത്ത് ലോഡുകണക്കിന് മാലിന്യം കത്തിച്ചത് ഫയർ ഫോഴ്സ് അണയ്ക്കുന്നു

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്തിന് സമീപം ലോഡ് കണക്കിന് മാലിന്യം സ്വകാര്യ ഭൂമിയിൽ തള്ളിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. പുകയും ദുർഗന്ധവും മൂലം പ്രദേശവാസികൾ വലഞ്ഞു. ഒടുവിൽ പൊലീസും ഫയർഫോഴ്സുമെത്തി തീ കെടുത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്ലാസ്റ്റിക് ഉൾപ്പടെ പലതരത്തിലുള്ള മാലിന്യം വലിയ ലോറികളിൽ കൊണ്ടുവന്ന് ഇവിടെ തള്ളുകയും പിന്നെ കത്തിക്കുകയുമായിരുന്നു. ഇവിടെ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തിവരികയായിരുന്നു. ഇവിടേക്കാണ് മാലിന്യവും കൊണ്ടുവന്ന് നിക്ഷേപിച്ചത്. പ്ളാസ്റ്റിക് ഉൾപ്പടെ കത്തിയതോടെ പരിസരവാസികൾക്ക് ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്നാണ് ജനപ്രതിനിധികളുൾപ്പടെ സ്ഥലത്തെത്തി പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. മാലിന്യം കൊണ്ട് വന്നു തട്ടിയിട്ട് പോയ വാഹനം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.