
കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ കൊട്ടിയത്തെ പരിശീലന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രം മാതൃകാ എ.ബി.സി കേന്ദ്രമാക്കാൻ ജില്ലാ പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം.
എയർ കണ്ടീഷൻ അടക്കമുള്ള കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാകും മാതൃകാ കേന്ദ്രമാക്കുക. ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളിലാത്തതിനാൽ എ.ബി.സി പദ്ധതി നിറുത്തിവച്ചത് ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
എല്ലാ പഞ്ചായത്തുകളും എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. മൃഗസംരക്ഷണ ബോർഡ് നിർദ്ദേശിച്ച പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഉയർന്നതോടെയാണ് കഴിഞ്ഞമാസം അവസാനം ജില്ലയിലെ 13 കേന്ദ്രങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വന്ധ്യംകരണം നിറുത്തിവയ്ക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്.
ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ കാര്യമായതിനാൽ എ.ബി.സി പദ്ധതിക്കായി എത്ര രൂപ ചെലവിടാനും ജില്ലാ പഞ്ചായത്ത് തയ്യാറാണ്. എന്നാൽ എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടത് പഞ്ചായത്തുകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്തുകൾക്ക് കത്ത് അയയ്ക്കും.
സാം.കെ.ഡാനിയൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്