കൊല്ലം: മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് പരിശോധന ജില്ലയിൽ ശക്തമാക്കി. ഇന്നലെ ജില്ലയിൽ മൂന്ന് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി.
ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന് പുറമേ 25 കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. പിഴയായി 15,500 രൂപ ഈടാക്കി. മറ്റ് വാഹനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 44 വാഹനങ്ങൾക്കെതിരെയാണ് നടപടി. വിവിധ കേസുകളിൽ 78000 രൂപ പിഴ അടപ്പിച്ചു.
ഞായറാഴ്ച ടൂറിസ്റ്റ് ബസുകളടക്കം 86 വാഹനങ്ങൾക്കെതിരെ നടപടിയുണ്ടായി. മൂന്ന് സ്വകാര്യ ബസടക്കം ഏഴ് വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കിയിരുന്നു.
പരിശോധന ശക്തമായി തുടരുമെന്നും നിയമലംഘനങ്ങൾക്ക് കർശന നടപടിയുണ്ടാവുമെന്നും കൊല്ലം ആർ.ടി.ഒ ഡി. മഹേഷ് പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് രണ്ട് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കിയത്. ഏഴ് കേസുകളിലായി 19,250 രൂപ പിഴ ഈടാക്കി.