ചവറ: തേവലക്കരഅയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വെതർ സ്റ്റേഷൻ ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനങ്ങൾ നിരീക്ഷിച്ച് സ്കൂൾ ബോർഡിൽ രേഖപ്പെടുത്താനും സ്കൂൾ എസ്.പി.സി യുടെ വോയ്സ് ഒഫ് അയ്യൻകോയിക്കൽ വാട്സാപ്പ് റേഡിയോ സംവിധാനത്തിലൂടെ സമൂഹത്തെ അറിയിക്കാനും എം.എൽ.എ നിർദ്ദശിച്ചു. പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം അദ്ധ്യക്ഷനായി. ചവറ ബി.പി.സി സ്വപ്ന എസ് കുഴിത്തടത്തിൽ വിഷയാവതരണം നടത്തി . ജോഗ്രഫി അദ്ധ്യാപകൻ ബാലഗോപാൽ വെതർ സറ്റേഷൻ പ്രവർത്തനം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ പ്രിൻസിപ്പൽ പ്യാരിനന്ദിനി,ഹെഡ്മിസ്ട്രസ് ആശാജോസ് തുടങ്ങിയവർ പങ്കെടുത്തു. പ്രാദേശിക തലത്തിൽ മഴയും കാറ്റും താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പഠനവിധേയമാക്കുന്നതിനും സ്കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് കേരള വെതർ സ്റ്റേഷൻ എന്ന പദ്ധതി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സർക്കാർ ആവിഷ്കരിച്ചത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എസ്.എസ്.കെയുടെ മേൽനോട്ടത്തിൽ ബി.ആർ.സി വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.