photo
ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ പുനലൂർ ടി.ബി.ജംഗ്ഷനിലെ കല്ലടയാറിൻെറ തീരത്തെ സ്നാനഘട്ടത്തിൻെറ പുനരുദ്ധാരണ ജോലികൾ നിലച്ചത് കാരണം പ്രദേശത്ത് കാട് വളർന്ന് ഉയർന്ന നിലയിൽ

പുനലൂർ: മണ്ഡലകാലത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ഈ സീസണിലും കല്ലടയാറ്റിലെ സ്നാന ഘട്ടം അയ്യപ്പന്മാർക്ക് ഉപകരിക്കില്ല. പുനരുദ്ധാരണ പ്രവൃത്തികൾ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പി.എസ്.സുപാൽ എം.എൽ.എ നിർദേശിച്ചിട്ട് ഒരുവർഷം പിന്നിടുമ്പോഴും സ്നാന ഘട്ടം അടക്കമുള്ളവയുടെ പുനരുദ്ധാരണ ജോലികൾ ഇപ്പോഴും നീളുകയാണ്.

അയ്യപ്പ ഭക്തർക്ക് ഇടത്താവളം

വിനോദ സഞ്ചാരവകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും (ടി.ഡി.പി.സി) നേതൃത്വത്തിൽ പുനലൂർ ടി.ബി.ജംഗ്ഷനിലെ കല്ലടയാറിന്റെ തീരത്ത് 15വർ‌ഷം മുമ്പ് ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് നിർമ്മിച്ചതാണ് സ്നാനഘട്ടം. കഴിഞ്ഞ ഒന്നര വർഷം മുമ്പ് 77ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണജോലികൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് കാരണം സ്നന ഘട്ടവും കെട്ടിടങ്ങളും കാടുമൂടി.

ഇത്തവണ തീർത്ഥാടകർ കൂടും

കഴിഞ്ഞ ഒക്ടോബർ ഒന്നിന് ടൂറിസം വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും അധികൃതർക്കൊപ്പം ഇവിടം സന്ദർശിച്ചപ്പോഴാണ്‌ എം.എൽ.എ മൂന്നുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്ന് കർശന നിർദേശം നൽകിയത്‌. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷത്തെ സീസണുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പുനലൂർ വഴിയുള്ള ശബരിമല തീർത്ഥാടകരുടെ വരവ് കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ എണ്ണം വ‌ർദ്ധിക്കും. അവ‌ർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം ഒരുക്കി നൽകാൻ പോലും ബന്ധപ്പെട്ടവർ ഇതുവരെ തയ്യറായിട്ടില്ല.