rsp

കൊല്ലം: ആർ.എസ്.പി സംസ്ഥാന സമ്മേളനം 14 മുതൽ 17 വരെ കൊല്ലത്ത് നടക്കും. 14ന് ഉച്ചയ്ക്ക് 2ന് അമ്പലപ്പുഴ എൻ. ശ്രീകണ്ഠൻ നായർ, കെ.സി.എസ്. മണി സ്മാരകത്തിൽ നിന്ന് അഡ്വ. ബി. രാജശേഖരൻ ക്യാപ്ടനായ കൊടിമര ജാഥ, തിരുവനന്തപുരം കെ.പങ്കജാക്ഷൻ സ്മാരകത്തിൽ നിന്ന് കെ.ജയകുമാർ ക്യാപ്ടനായ പതാകജാഥ, വൈകിട്ട് 4ന് ചന്ദനത്തോപ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഉല്ലാസ് കോവൂർ ക്യാപ്ടനായ ദീപശിഖ ജാഥ എന്നിവ വൈകിട്ട് 5ന് ആനന്ദവല്ലീശ്വരം മൈതാനിയിൽ കേന്ദ്രീകരിച്ച് വാഹനജാഥയായി കന്റോൺമെന്റ് മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പതാക ഉയർത്തും.

15ന് വൈകിട്ട് 3ന് ആശ്രാമം മൈതാനത്തെ അഡ്വ. ഫിലിപ്പ്.കെ.തോമസ് നഗറിൽ നിന്ന് റെഡ് വോളണ്ടിയർ മാർച്ചും പ്രകടനവും. രാത്രി 7ന് കന്റോൺമെന്റ് മൈതാനത്തെ ത്യാഗരാജൻ നഗറിൽ പൊതുസമ്മേളനം ആർ.എസ്.പി അഖിലേന്ത്യാ ജന. സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്‌ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനാകും. 16ന് കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലെ വി.പി. രാമകൃഷ്ണപിള്ള നഗറിൽ പ്രതിനിധി സമ്മേളനം ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ബാബു ദിവാകരൻ അദ്ധ്യക്ഷനാകും. 17ന് രാഷ്ട്രീയ കരട് പ്രമേയം അഡ്വ. ടി.സി.വിജയൻ അവതരിപ്പിക്കും. തുടർന്ന് ചർച്ച, പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട്, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. പത്രസമ്മേളനത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കേന്ദ്രകമ്മി​റ്റി അംഗങ്ങളായ എൻ.കെ.പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.