
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 69-ാം പിറന്നാൾ നാളെ അമൃതപുരിയിലും ലോകമെമ്പാടുമുള്ള ആശ്രമങ്ങളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തും. ഇത്തവണത്തെ പിറന്നാളിന് ആഘോഷങ്ങളും ആഡംബരങ്ങളുമില്ല. കൊവിഡ് സാന്നിദ്ധ്യം പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ ചടങ്ങുകൾ ലളിതമാക്കാൻ അമ്മ നിർദ്ദേശിക്കുകയായിരുന്നു.
മുൻ വർഷങ്ങളിൽ ജന്മദിനമായ സെപ്തംബർ 27നായിരുന്നു ആഘോഷം. എന്നാൽ ഇത്തവണ ജന്മനാളായ കന്നിമാസത്തിലെ കാർത്തിക നാളിലാണ് പിറന്നാൾ ചടങ്ങുകൾ നടക്കുക. പിറന്നാൾ ചടങ്ങുകളുടെ ഭാഗമായി അമൃതപുരിയിലെ കളരിയിൽ പുലർച്ചെ മഹാഗണപതി ഹോമവും സുദർശനഹോമവും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 10ന് വേദമന്ത്രങ്ങൾ ഉരുവിട്ട് പ്രഥമ ശിഷ്യൻ സ്വാമി അമൃതസ്വരൂപാനന്ദ അമ്മയുടെ പാദപൂജ നടത്തി താമരപ്പൂഹാരം അണിയിക്കും. സന്യാസിശ്രേഷ്ഠർ ഹാരാർപ്പണം നടത്തും. അല്പനേരത്തെ ധ്യാനത്തിന് ശേഷം അമ്മ ഭജനയിൽ ഏർപ്പെടും. തുടർന്ന് ഭക്തർക്കുള്ള ദർശനം ആരംഭിക്കും. അവസാന ഭക്തനും അനുഗ്രഹം ചൊരിഞ്ഞ ശേഷമേ അമ്മ ഇരിപ്പിടം വിട്ടുപോവുകയുള്ളൂ.
ക്രമീകരണങ്ങൾ പൂർത്തിയായി
അമൃതപുരിയിൽ നടക്കുന്ന അമ്മയുടെ പാദപൂജ ലോകമെമ്പാടുമുള്ള ഭക്തർക്ക് കാണാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആഘോഷ പരിപാടികൾ ലളിതമാണെങ്കിലും പൊലീസ് സന്നാഹം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അമൃതപുരിയിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പ്രമുഖ വ്യക്തികൾ ഇന്നും നാളെയുമായി അമ്മയുടെ സവിധത്തിലെത്തി ജന്മദിനാശംസകൾ അർപ്പിക്കും.