train

കൊല്ലം: യാത്രക്കാരെ വഴിനീളെ വലയ്ക്കുമെന്ന വാശിയിലാണ് റെയിൽവേ. പുനലൂർ - കൊല്ലം പാതയിൽ ഏറ്റവും കൂടുതൽ സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന പുനലൂർ - നാഗർകോവിൽ ട്രെയിനിന്റെ കോച്ചുകൾ വെട്ടിക്കുറച്ചാണ് ഇപ്പോഴത്തെ ക്രൂരത.

പുനലൂർ - തിരുവനന്തപുരം പാതയിൽ 14 കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന ട്രെയിനാണിത്. നാഗർകോവിൽ വരെ നീട്ടിയതോടെ കോച്ചുകളുടെ എണ്ണം പത്തായി കുറച്ചു. പിന്നീടത് ഏഴായും ഇപ്പോൾ പല ദിവസങ്ങളിലായി അഞ്ചായും കുറഞ്ഞു.

രാവിലെ 6.30ന് പുനലൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ 7.30ന് കൊല്ലത്തും 9.15ന് തിരുവനന്തപുരത്തും എത്തിയിരുന്നതിനാൽ യാത്രക്കാരുടെ ജനപ്രീയ സർവീസായിരുന്നു. തിരിച്ച് വൈകിട്ട് 5.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 8.15ന് പുനലൂരിലെത്തും.

തിരുവനന്തപുരത്തും കൊല്ലത്തും ജോലി ചെയ്യുന്നവർക്കും വിവിധ ആവശ്യങ്ങൾക്ക് യാത്ര പോകുന്നവർക്കും ഏറെ പ്രയോജനകരമായ സർവീസാണിത്. കോച്ചുകളുടെ എണ്ണം അഞ്ചായി കുറച്ചതോടെ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സ്ഥിരം യാത്രക്കാരായ സ്ത്രീകളാണ് ഏറെ കഷ്ടപ്പെടുന്നത്. ഈ സമയത്ത് മറ്റ് സർവീസുകൾ ഇല്ലാത്തതും ബുദ്ധിമുട്ട് ഇരട്ടിയാക്കി.

പുനലൂർ - നാഗർകോവിൽ ട്രെയിൻ കോച്ചുകൾ

നേരത്തെ - 14

ഇപ്പോൾ - 5

പാസഞ്ചർ, സ്പെഷ്യൽ സർവീസുകൾ 14 കോച്ചുകളുമായി സർവീസ് നടത്തുമ്പോൾ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള പുനലൂർ - നാഗർകോവിൽ ട്രെയിനിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചത് യാത്രക്കാരോടുള്ള ദ്രോഹമാണ്. പലതവണ നിവേദനം നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല.

ദീപു പുനലൂർ

കൊല്ലം- ചെങ്കോട്ട റെയിൽവേ

പാസഞ്ചേഴ്സ് അസോസിയേഷൻ