jeevitham-


കൊല്ലം: അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിനായി ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ''ജീവിതം 2022'' എന്ന പേരിൽ റോഡ്‌ഷോ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. റോഡ്‌ഷോയുടെ രണ്ടാം ദിനം കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നും ജോയിന്റ് ആർ.ടി.ഒ ശരത് ചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലുമുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റർ മെഡ്‌സിറ്റിയുടെ എമർജൻസി മെഡിസിൻ വിഭാഗം നടത്തിവരുന്ന ''ബി ഫസ്റ്റ്'' പദ്ധതിയുടെ ഭാഗമാണ് ''ജീവിതം 2022'' റോഡ്‌ഷോ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലൂടെ സഞ്ചരിച്ച് ലോക ട്രോമ ദിനമായ 17 ന് എറണാകുളത്ത് റോഡ്‌ഷോ സമാപിക്കും. അമ്പതിലേറെ സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ്‌ഷോയിൽ അവതരിപ്പിക്കും.പ്രഥമ ശുശ്രൂഷയുടെ വിവരങ്ങൾ അടങ്ങിയ കുറിപ്പുകളും ലഘുലേഖകളും ക്യു.ആർ കോഡ് സ്‌കാൻ ചെയ്താൽ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രഥമ ശുശ്രൂഷകളും വിവരിക്കുന്ന ഡിജിറ്റൽ ലഘുലേഖകളും വിതരണം ചെയ്യും. അപകടങ്ങളുണ്ടാകുമ്പോൾ മടിച്ചു നിൽക്കാതെ ജീവൻ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലോക ട്രോമ ദിനത്തിന്റെ ലക്ഷ്യമെന്നും അപകടങ്ങൾ കണ്ടുനിൽക്കുന്നവർക്ക് അത്തരം സാഹചര്യങ്ങളെ നേരിടാൻ ആവശ്യത്തിന് പരിശീലനം കിട്ടിയാൽ വലിയ മാറ്റമുണ്ടാകുമെന്നും ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ജോൺസൺ.കെ.വർഗീസ് പറഞ്ഞു.പരിശീലന പരിപാടികളും സെമിനാറുകളും ഉൾപ്പെടെ ജനങ്ങളെ ബോധവത്കരിക്കാനായി ഇത്രയേറെ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കേരള-ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുക്കും. വിവിധ സ്ഥാപനങ്ങളുമായി കൈകോർത്താണ് ആസ്റ്റർ മെഡ്‌സിറ്റി ജനങ്ങൾക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുന്നത്. ഇതിനായി ആസ്റ്റർ ഹോസ്പിറ്റലുകളിൽ വിദഗ്ധ ഡോക്ടർമാർ വർക്ക്‌ഷോപ്പുകളും നടത്തുന്നുണ്ട്.