കരുനാഗപ്പള്ളി: കൊതുമുക്ക് വട്ടക്കായലിലെ കക്കവാരൽ
തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും വില്ലനായി കുളവാഴകൾ.
കായൽ പൂർണ്ണമായി കുളവാഴകളുടെ കൈപ്പിടിയിലായതോടെ ഒഴുക്കുപോലും നിലച്ചിരിക്കുകയാണ്. കുളവാഴ വേരുകൾ കായലിന്റെ അടിത്തട്ടിൽ വരെ ഉറച്ചതോടെ വള്ളങ്ങൾക്കുപോലും
ചലിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതൊടെ പട്ടിണിയിലായത് കക്കവാരിയും മീൻ പിടിച്ചും ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ്.
വട്ടക്കായലിലെ ഈ ദുർനില തുടങ്ങിയിട്ട് രണ്ട് മാസത്തോളമാകുന്നു.
റഹിം എന്ന കക്കവാരാൻ തൊഴിലാളി കുളവാഴക്കൂട്ടത്തിൽ കുടുങ്ങിയതും
ഒടുവിൽ ചവറയിൽ നിന്ന് ഫയർഫോഴ്സ് എത്തി രക്ഷിച്ചതും കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു.
പള്ളിക്കലാറിന്റെയും പശ്ചിമതീര കനാലിന്റെയും സംഗമ സ്ഥാനമാണ് കൊതുമുക്ക് വട്ടക്കായൽ. രണ്ട് കനാലിലൂടേയും ഒഴുകിയെത്തുന്ന കുളവാഴകൾ ഇവിടെയാണ് വന്നടിയുന്നത്. 400 ഏക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്ന കൊതുമുക്ക് വട്ടായൽ കായലിനെ ആശ്രയിച്ച് അന്നം തേടുന്നവർ നിരവധിയാണ്. കൊല്ലക, അരിനല്ലൂർ, തേവലക്കര, ശാസ്താംകോട്ട, ആലുംകടവ് എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇതിൽ അധികവും. രാത്രിയിലാണ് ഇവർ മത്സ്യബന്ധനത്തിനായി എത്തുന്നത്. വള്ളങ്ങളിൽ രാത്രിയിൽ തുടങ്ങുന്ന മത്സ്യബന്ധനം പുലർച്ചെയാവും അവസാനിക്കുക. പിടിച്ചെടുക്കുന്ന മത്സ്യം കായലിന് കിഴക്ക് വശമുള കടവുകളിൽ രാവിലെ കൊണ്ട് പോയി ലേലം ചെയ്തു കൈ നിറയെ കാശുമായിട്ടായിരുന്നു തൊഴിലാളികൾ വീടുകളിലേയ്ക്ക് പോയിരുന്നത്.
ഇതുകൂടാതെ പകൽ കക്കവാരൽ തൊഴിലാളികളും ഉണ്ടാകും. കുളവാഴ കായൽ അടക്കി വാഴാൻ തുടങ്ങിയതോടെ ഇഴരുടെയെല്ലാം ജീവിതം വലിയ കഷ്ടത്തിലായി. മുങ്ങാംകുഴിയിട്ട് മത്സ്യം പിടിക്കുന്നവരും കായലിനെ കൈവിട്ടു.
ഉപ്പുവെള്ളത്തിൽ പ്രതീക്ഷ
തുടർച്ചയായ മഴ കാരണം കായലിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ വരവ് നിലച്ചതാണ് കുളവാഴകൾ പെരുകാൻ കാരണം. ഉപ്പുവെള്ളംകയറിയാൽ കുളവാഴകളുടെ വേരുകൾ കൂട്ടത്തോടെ അഴുകിത്തുടങ്ങും.
നവംബർ, ഡിസംബർ മാസത്തോടെ കായലിൽ ഉപ്പുവെള്ളം പൂർണ്ണമായും നിറയുമെന്നാണ് പ്രതീക്ഷ. ഇതോടെ കായൽ കുളവാഴ മുക്തമാകും.