
കൊല്ലം: മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാൻ പോർട്ടിന്റെ നേതൃത്വത്തിൽ വാടിയിൽ നിർമ്മിച്ച
40 ലോക്കറുകൾ 5 വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്നു. കോർപ്പറേഷന്റെയും പോർട്ടിന്റെയും നേതൃത്വത്തിൽ 80 ലോക്കറുകളാണ് നിർമ്മിച്ചത്. കോർപ്പറേഷന്റെ ലോക്കറുകളെല്ലാം മത്സ്യബന്ധന തൊഴിലാഴികൾക്കായി നൽകിയെങ്കിലും പോർട്ട് നിർമ്മിച്ച ലോക്കറുകൾ തുറക്കുന്നതിന് യാതൊരുവിധ നടപടികളും ഇതുവരെയും എടുത്തിട്ടില്ല. ഒരു ബ്ളോക്കിൽ 10 വീതം 8 ബ്ളോക്കുകളിലായി 80 ലോക്കർ മുറികളാണ് നിർമ്മിച്ചിച്ചത്.തുറമുഖ വികസനത്തിന്റെ ഭാഗമായി സമീപത്തുള്ള 34 ഏക്കർ ഭൂമി ഏറ്റെടുക്കാൻ പദ്ധതിയുണ്ടായിരുന്നു. ഈ സ്ഥലത്ത് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാൻ നിർമ്മിച്ചിരുന്ന കൂടങ്ങൾ പൊളിച്ചു നീക്കി പകരം വാടിയിൽ നിർമ്മിച്ച ലോക്കറുകൾ നൽകാനായിരുന്നു പോർട്ടിന്റെ പദ്ധതി. എന്നാൽ ഇവിടേയ്ക്കുള്ള ദൂരക്കൂടുതൽ കാരണം പോർട്ട് നിർമ്മിച്ച ലോക്കറുകൾ ഏറ്റെടുത്ത് ഉപകരണങ്ങൾ സൂക്ഷിക്കാൻ തൊഴിലാളികൾ തയ്യാറായില്ല. ഇതോടെ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ലോക്കറുകൾ അടഞ്ഞുകിടക്കുകയാണ്. ലോക്കർ സൗകര്യം ആവശ്യമുളള മറ്റ് പ്രദേശങ്ങളിലെ ആളുകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ലോക്കറുകൾ അനുവദിച്ച് നൽകാൻ തുറമുഖ വകുപ്പും തയ്യാറായില്ല. ഇതു സംബന്ധിച്ച ചർച്ചകൾ പലതവണ നടന്നെങ്കിലും ഫലമുണ്ടായില്ല. ലോക്കർ സൗകര്യമില്ലാത്തതിനാൽ വലയും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങളും മഴയും വെയിലുമേറ്റ് സൂക്ഷിക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ.
പുതിയ ലോക്കറുകൾ നിർമ്മിക്കാൻ ഒരു കോടി
തുറമുഖ വകുപ്പ് നിർമ്മിച്ച ലോക്കറുകൾ അടഞ്ഞു കിടക്കുമ്പോൾ പുതിയ 40 ലോക്കറുകൾ കൂടി നിർമ്മിക്കാൻ കോർപ്പറേഷൻ അനുവദിച്ചത് ഒരു കോടി.
തുക ഹാർബർ ഡിപ്പാർട്ടുമെൻ്റിന് കൈമാറി.
ഉടൻ നിർമ്മാണം ആരംഭിക്കും.
'തുറമുഖ വകുപ്പ് നിർമ്മിച്ച ലോക്കറുകൾ ആവശ്യക്കാർക്ക് നൽകാൻ
തയ്യാറാകണം. ആവശ്യക്കാർ ധാരാളമുണ്ട്'
മത്സ്യ തൊഴിലാളികൾ