
കൊട്ടാരക്കര: മേലില വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് അജികുമാറിനെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വ്യക്തിക്ക് വസ്തുവിന്റെ ലൊക്കേഷൻ, സ്കെച്ച് എടുപ്പിക്കുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് അജികുമാറിനെ അറസ്റ്റ് ചെയ്തത്. നേരത്തേതന്നെ അജികുമാറിനെതിരെ നിരവധി പരാതികളുണ്ടായിരുന്നു. ഇവിടെ നിന്ന് ഒരു കിലോ മീറ്റർ ദൂരത്തുള്ള വെട്ടിക്കവല വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്.
അഴിമതി വിവരം ലഭിക്കുന്നവർ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064, അല്ലെങ്കിൽ 8592900900 എന്ന നമ്പരിലോ, 9447789100 എന്ന വാട്സ് ആപ്പ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.