കൊല്ലം: കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട് കരാർ പ്രവൃത്തിയുടെ സെക്യൂരിറ്റി തുക ട്രഷറിയിൽ നിന്ന് പിൻവലിച്ച സംഭവത്തിൽ നിരപരാധിയായ കരാറുകാരനും സംശയനിഴലിൽ. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വ്യാജ ഒപ്പിടലുമായി യാതൊരു ബന്ധവുമില്ലാത്ത കരാറുകാരനും സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്.

2021ൽ പൂർത്തിയായ പ്രവൃത്തിയുടെ സെക്യൂരിറ്റി തുക പിൻവലിക്കാനുള്ള റിലീസിംഗ് ഓർഡറും ട്രഷറി ഡെപ്പോസിറ്റിന്റെ രസീതും ഏതാനും മാസം മുമ്പ് കോർപ്പറേഷനിൽ നിന്ന് കരാറുകാരന് നൽകിയിരുന്നു. പണത്തിന് ആവശ്യം വരുമ്പോൾ പിൻവലിക്കാമെന്ന് കരുതി ഇദ്ദേഹം രേഖകൾ കൈയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

വ്യാജ ഒപ്പിട്ടുള്ള തട്ടിപ്പ് പിടിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സംഭവമൊന്നും അറിയാതെ ഈ കരാറുകാരൻ തുക തിരികെ ലഭിക്കാനായി ട്രഷറിയെ സമീപിച്ചു. ഇതോടെ അദ്ദേഹത്തിന്റെ പക്കലുള്ള രേഖകളിലേതും സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പാണെന്ന് പറഞ്ഞ് തടഞ്ഞുവയ്ക്കുകയായിരുന്നു.

വ്യാജ ഒപ്പിട്ടുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയിൽ രണ്ട് കോർപ്പറേഷൻ ജീവനക്കാരെയും മൂന്ന് കരാറുകാരെയും സംശയ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കൊല്ലം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ചില കരാറുകാരുമായി ചേർന്ന് നടത്തിയ ക്രമക്കേടിൽ നിരപരാധികളായ കൂടുതൽ കരാറുകാർ കുടുങ്ങുന്ന അവസ്ഥയാണിപ്പോൾ.