
കൊല്ലം: ഗതാഗത നിയന്ത്രണത്തെ തുടർന്ന് ജനവാസ മേഖലയിലെ റോഡുകളിലൂടെ കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയതോടെ ഇടറോഡുകൾ തകർന്ന് തരിപ്പണമായി. പട്ടത്താനം മണിച്ചിത്തോട്-സുബ്രഹ്മണ്യൻ കോവിൽ, കലാവേദി- ഗോപാലശ്ശേരി- അയത്തിൽ, തമ്പുരാൻ മുക്ക്- കാഞ്ഞാങ്കാട് ഫാക്ടറി റോഡുകളാണ് തകർന്ന് ഗതാഗതയോഗ്യമല്ലാതായത്. കൊല്ലം- ആയൂർ സംസ്ഥാന പാതയിൽ റെയിൽവേ സ്റ്റേഷൻ മുതൽ അയത്തിൽ വരെയുള്ള ഭാഗത്ത് ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനാലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെ വാഹനങ്ങൾ ഇടറോഡുകളെ ആശ്രയിക്കാൻ തുടങ്ങി. കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയതോെടെ റോഡുകൾ പൊട്ടിപ്പൊളിയുകയായിരുന്നു. മഴപെയ്താൽ വെള്ളക്കെട്ടും ചെളിയും മൂലം കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത അവസ്ഥയിലാണ് റോഡുകൾ. വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പൊടിശല്യവും രൂക്ഷമാണ്. റോഡുകൾ ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
'' രണ്ട് റോഡുകളുടെ നിർമ്മാണത്തിനായി കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്. കരാർ നൽകി നിർമ്മാണം വേഗത്തിലാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്""- എസ്. ശ്രീദേവി അമ്മ, വടക്കേവിള ഡിവിഷൻ കൗൺസിലർ
'' റോഡുകൾ തകർന്നത് മൂലം വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പൊടി ശല്യം രൂക്ഷമാണ്. റോഡരികിലുള്ള വീട്ടുകാരിൽ ചിലർക്ക് അസ്വസ്ഥതയും ശ്വാസംമുട്ടുമൊക്കെ ഉണ്ടാകുന്നുണ്ട്.""- യു. മനേഷ, ട്രഷറർ, പട്ടത്താനം നഗർ റെസി. അസോസിയേഷൻ