shaju

കുന്നത്തൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച മൂന്ന് അംഗ സംഘം ശൂരനാട് പൊലീസിന്റെ പിടിയിലായി. ഓച്ചിറ ചങ്ങൻകുളങ്ങര പുതുമംഗലത്ത് വീട്ടിൽ ഷാജു(28), മൈനാഗപ്പള്ളി നെടുവിള കിഴക്കതിൽ ഷാജി (42), ചവറ തൊട്ടിൽവാരം നീലിമ ഹൗസിൽ സന്ദീപ് (46) എന്നിവരാണ് പിടിയിലായത്. ആനയടി തയ്യിൽ ഫിനാൻസിയേഴ്സിൽ കഴിഞ്ഞ മാസം 29ന് ഉച്ചയോടെ ഒന്നാം പ്രതി ഷാജിയുടെ പേരിലാണ് അഞ്ച് പവൻ പണയം വച്ചത്. പണയത്തുകയായി രണ്ടു ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടതെങ്കിലും അപ്പോൾ സ്ഥാപനത്തിലുണ്ടായിരുന്ന 1,20,000 രൂപയാണ് നൽകിയത്. ബാക്കി തുക പിന്നീട് മതിയെന്ന് പറഞ്ഞാണ് അവർ മടങ്ങിയത്. തുടർന്ന് ബാലൻസ് തുക നൽകാൻ ഷാജിയുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. ഇതിൽ സംശയം തോന്നി സ്വർണം പരിശോധിച്ചപ്പോഴാണ് പണയം വച്ചത് മുക്ക്പണ്ടമാണെന്ന് മനസിലായത്. ഇതിനെ തുടർന്ന് സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാലൻസ് തുകയ്ക്ക് വേണ്ടി ഒരു വഴി യാത്രക്കാരന്റെ ഫോണിൽ നിന്ന് ഷാജി സ്ഥാപനത്തിലേക്ക് വിളിക്കുകയായിരുന്നു. പൊലീസ് സ്ഥാപന ഉടമയുമായി രഹസ്യമായി നടത്തിയ നീക്കങ്ങളിലൂടെ തിങ്കളാഴ്ച ബാക്കി പണം വാങ്ങാൻ സ്ഥാപനത്തിലെത്താൻ അറിയിച്ച പ്രകാരം പ്രതികൾ എത്തി. ഈ സമയത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംശയം തോന്നിയാൽ രക്ഷപ്പെടുന്നതിന് വേണ്ടി രണ്ടാം പ്രതി ഷാജു ബൈക്ക് സ്റ്റാർട്ടാക്കി പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. മൂന്നാം പ്രതി സന്ദീപിനെ പരിസരം നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നു. പ്രതികൾക്ക് മുക്കുപണ്ടം ഉണ്ടാക്കി കൊടുത്ത ആളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ പറഞ്ഞു.എസ്.ഐ കൊച്ചുകോശി, എ.എസ്.ഐ മാരായ ഹരി,ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.