anti

കൊല്ലം: 2020ൽ കുളത്തൂപ്പുഴയിൽ റോഡുവക്കിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി വേളമാനൂരിലെ രണ്ട് വിമുക്ത ഭടന്മാരുടെ വീടുകളിൽ ആന്റി ടെററിസ്റ്റ് സക്വാഡ് പരിശോധന നടത്തി. വേളമാനൂർ ഗുരുമന്ദിരത്തിന് സമീപമുള്ള വീടുകളിലെത്തി പരേതനായ ഒരു വിമുക്തഭടൻ അടക്കം മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങളാണ് ആരാഞ്ഞത്.

ജ്യേഷ്ഠാനുജന്മാരായ രണ്ട് വിമുക്ത ഭടന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ഒരുവീട്ടിൽ വച്ചാണ് ആരാഞ്ഞത്. ഇതിൽ രണ്ടുപേർ നാവികസേനയിൽ നിന്നും ഒരാൾ കരസേനയിൽ നിന്നും വിരമിച്ചതാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്നംഗ സംഘമെത്തിയത്. വിമുക്ത ഭടന്മാരുടെ സർവീസ് വിവരങ്ങൾ, വിരമിച്ച തീയതി, പിന്നീട് മറ്റേതെങ്കിലും ജോലികൾ ചോയ്തോ, മക്കളുടെയും മരുമക്കളുടെയും വിവരങ്ങൾ എന്നിവയാണ് ആരാഞ്ഞത്. തിരിച്ചറിയൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ വ്യക്തമായ മറുപടി നൽകാതിരുന്നത് എത്തിയത് തട്ടിപ്പ് സംഘമാണെന്ന സംശയം ഉയർത്തിയിരുന്നു. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് എത്തിയത് എ.ടി.എസ് ഉദ്യോഗസ്ഥരാണെന്ന് സ്ഥിരീകരിച്ചത്.

തുമ്പില്ലാതെ വെടിയുണ്ട കേസ്

2020 ഫെബ്രുവരി 22നാണ് തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ 14 വെടിയുണ്ടകൾ കണ്ടെടുത്തത്. മടത്തറ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ ജോഷിയാണ് പത്രക്കടലാസിൽ പൊതിഞ്ഞ നിലയിലുള്ള കവർ ആദ്യം കണ്ടത്. ഈ വെടിയുണ്ടകളിൽ 12 എണ്ണം പാക് നിർമ്മിതവും ബാക്കി രണ്ടെണ്ണം ചൈനയിൽ നിർമ്മിച്ചതാണെന്നുമാണ് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നത്. യാതൊരു തുമ്പും ലഭിക്കാത്ത കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. ആന്റി ടെററിസ്റ്റ് സ്ക്വാഡും സമാനന്തര അന്വേഷണം നടത്തുന്നുണ്ട്.

ഉപേക്ഷിച്ചവരെ കണ്ടെത്തിയില്ല

തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങൾ ഉപേക്ഷിച്ചതാകാമെന്നായിരുന്നു ആദ്യസംശയം. എന്നാൽ അതിർത്തിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാമെന്ന നിമഗനത്തിലാണ് പിന്നീട് ഉന്നത ഉദ്യോഗസ്ഥരെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന.