
കൊല്ലം: അഭിഭാഷകർ നടത്തിയ സമരത്തിനിടെ കോടതിവളപ്പിൽ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിലായി. കൊല്ലം കോടതിയിലെ അഭിഭാഷകനായ കുണ്ടറ ജോസിനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 12ന് കോടതിവളപ്പിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. അഭിഭാഷകർ നൽകിയ മുൻകൂർ അപേക്ഷ ഇന്നലെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി പരിഗണിച്ചിരുന്നു.
ജീപ്പ് ആക്രമിച്ച സംഭവത്തിൽ മാത്രം ഉൾപ്പെട്ട അഭിഭാഷകരായ ധീരജ് രവി, സജീവ് ബാബു, പ്രദീപ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ പൊലീസുകാരനെ അക്രമിച്ച കേസിൽ കൂടി പ്രതിയായ കുണ്ടറ ജോസ് അടക്കമുള്ള മൂന്നുപേർക്ക് ജാമ്യം നിഷേധിച്ചു. വൈകിട്ട് അഞ്ചിന് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ കോടതി വളപ്പിലുണ്ടായിരുന്ന കുണ്ടറ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാത്രി ഒൻപതോടെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.