
രാത്രി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ സംഘർഷം
രാത്രി വൈകിയും സമരം തുടർന്ന് മൂന്ന് സ്ത്രീകൾ
കൊല്ലം: ആലാട്ട്കാവ് ഡിവിഷനിലെ പൊൻപുലരി കുടുംബശ്രീ യൂണിറ്റിൽ നടന്ന അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ നാല് സ്ത്രീകൾ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തി. രാത്രി എട്ടോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
അലാട്ട്കാവ് ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നവർ ഉയർത്തുന്നത് ശങ്കരാടി രേഖകളാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ജയൻ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ പക്കലുള്ളത് ശങ്കരാടി രേഖകളല്ലെന്നും മേയർ യോഗം വിളിച്ച് ഇവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നാലുപേരുടെയും പ്രതിഷേധം.
കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാവിലെ പത്തിന് ആരംഭിച്ച സമരം കടുത്ത വെയിലിനെ അവഗണിച്ചും തുടർന്നു. ആരും ഇവരുമായി ഒത്തുതീർപ്പിനും പകൽ ശ്രമിച്ചില്ല. വൈകിട്ട് ചില ഭരണപക്ഷ കൗൺസിലർമാർ ഇവരുമായി നടത്തിയ ചർച്ച വാഗ്വാദത്തിൽ കലാശിച്ചു.
രാത്രി എഴോടെ മേയറും പൊലീസും ചേർന്ന് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ച മങ്ങാട് നിന്നുള്ള ബി.ജെ.പി കൗൺസിലർ ടി.ജി.ഗിരീഷ് അടക്കമുള്ള എല്ലാ ജനപ്രതിനിധികളെയും കുടുംബശ്രീ എ.ഡി.എസുമാരെയും മിഷൻ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
ഗിരീഷ് അടക്കമുള്ള മറ്റ് ഡിവിഷനുകളിലെ കൗൺസിലർമാരെ പങ്കെടുപ്പിക്കാൻ പറ്റില്ലെന്ന് മേയർ പറഞ്ഞതോടെ സമരക്കാർ ഒത്തുതീർപ്പ് ചർച്ച അവഗണിക്കുകയായിരുന്നു. ഇതിനിടയിലാണ് രാത്രി എട്ടോടെ പൊലീസ് നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. പൊലീസുകാർ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇതോടെ പൊലീസ് അറസ്റ്റിൽ നിന്ന് പിൻവാങ്ങി. പ്രായമായ ഒരു സത്രീ ഒഴികെ ബാക്കി മൂന്നുപേരും രാത്രി വൈകിയും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമരം തുടർന്നു.
ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ
റോഡ് ഉപരോധിച്ച് ബി.ജെ.പി
കുടുംബശ്രീ പ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് രാത്രിയിൽ ബി.ജെ.പി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. തുടർന്ന് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം അദ്ധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർമാരായ ടി.ജി.ഗിരീഷ്, അഭിലാഷ്, കൃപ വിനോദ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മോൻസി ദാസ്, ജനറൽ സെക്രട്ടറി നാരായണൻകുട്ടി, സജു, തുടങ്ങിയവർ നേതൃത്വം നൽകി.