കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ മുടക്കിയത് കോടികൾ. കഴിഞ്ഞ 18 വർഷമായി അതിനുള്ള പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും അടുത്തകാലത്തൊന്നും അത് തീരുന്ന ലക്ഷണവുമില്ല.
ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുകയും ലൈനുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ പൂർത്തിയായെങ്കിലും നിരന്തരമായുണ്ടാകുന്ന വൈദ്യുതി തടസത്തിന് ഇപ്പോഴും മാറ്റമില്ല.
വികസന പ്രവൃത്തികളുടെ ഭാഗമായി ഉൾപ്രദേശങ്ങളിലുണ്ടായിരുന്ന ട്രാൻസ്‌ഫോമറുകൾ കടൽ തീരത്തേക്ക് മാറ്രി സ്ഥാപിച്ചതും വൈദ്യുതി തടസത്തിന് കാരണമാണെന്ന് മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലവണാംശമുള്ള കടൽകാറ്റ് സ്ഥിരമായി ഏൽക്കുന്നത് ട്രാൻസ്‌ഫോമറുകൾ തുരുമ്പെടുത്ത് കേടുപാട് സംഭവിക്കാനും പ്രവർത്തനക്ഷമത കുറയാനും കാരണമാണ്.
വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണം സാദ്ധ്യമാക്കുന്നതിൽ വകുപ്പ് അധികൃതർക്ക് പോലും വ്യക്തതയില്ലെന്നതാണ് നാട്ടുകാരുടെ ആക്ഷേപം.
18 വർഷം മുമ്പ് തുടക്കം
22 വർഷം മുമ്പുണ്ടായ സുനാമി ദുരന്തത്തെ തുടർന്ന് പദ്ധതിക്ക് തുടക്കം
ആലപ്പാട് ഗ്രാമപഞ്ചായത്ത്, വൈദ്യുത വകുപ്പ് സംയുക്ത പദ്ധതി
സുനാമി സ്പെഷ്യൽ പാക്കേജിൽ 1.47 കോടി രൂപ ചെലവഴിച്ച് ഭൂഗർഭ കേബിൾ
പണ്ടാരതുരുത്ത്- അഴീക്കൽ 14 കി.മീറ്റർ ദൂരത്തിൽ കേബിൾ
ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി കടത്തിവിടാൻ നടപടിയായില്ല
കാട്ടിൽക്കടവ്, അഴീക്കൽ എന്നിവിടങ്ങളിലൂടെ കായൽ കടന്ന് 11 കെ.വി ലൈനും കേബിളിലേക്ക് മാറ്റി
കേബിൾ മുകളിലൂടെയാക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത് മൂന്ന് വർഷം മുമ്പ്
നിലവിൽ ജോലികൾ നടക്കുന്നത് വെള്ളനാതുരുത്ത്- അഴീക്കൽ 17 കിലോമീറ്റർ ദൂരം
ആലപ്പാട് ഗ്രാമപഞ്ചായത്തിൽ വൈദ്യുതീകരിച്ച വീടുകൾ 6136
18 വർഷം മുമ്പ് ആരംഭിച്ച വൈദ്യുത ലൈൻ മാറ്റം പൂർത്തിയാക്കാൻ വൈദ്യുതി വകുപ്പിന് കഴിഞ്ഞിട്ടില്ല. കാറ്റ് വിശീയാലും ചാറ്റൽമഴ പെയ്താലും വൈദ്യുതി തടസപ്പെടുന്നത് പതിവാണ്
ഉല്ലാസ്, പ്രസിഡന്റ്, ആലപ്പാട് ഗ്രാമപഞ്ചായത്ത്
വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസത്തിലൂടെയുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കണം
ബിജു, അമൃതപുരി ഏജന്റ്