podi-thazhava
ദേശീയ പാതയിൽ പുതുതായി ഏറ്റെടുത്ത സ്ഥലത്ത് പാകിയ പാറപ്പൊടി കാറ്റിൽ പറക്കുന്നു

തഴവ: ദേശീയ പാതയിൽ ഓച്ചിറ മുതൽ പുതിയകാവ് വരെയുള്ള ഭാഗങ്ങളിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുകയാണ്.

ഇതിന്റെ ഭാഗമായി പുതുതായി ഏറ്റെടുത്ത സ്ഥലത്ത് ഗ്രാവിലിട്ട് ഉയർത്തിയ ശേഷം മെറ്റിൽ, പാറപ്പൊടി എന്നിവ പാകി പുത്തൻ തെരുവ് ജംഗ്‌ഷനിൽ നിന്ന് വടക്കോട്ട് സമാന്തര റോഡ് നിർമ്മിക്കുകയും ചെയ്തു. എന്നാൽ,​

ഇവിടെ എം സാൻഡ് വിതറിയതല്ലാതെ കരാറുകാരൻ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ഇതോടെ രൂക്ഷമായ പൊടിശല്യം കാരണം യാത്രക്കാരും കച്ചവടക്കാരും നാട്ടുകാരുമെല്ലാം ഒരുപോലെ വലഞ്ഞിരിക്കുകയാണ്. ശക്തമായ കാറ്റിൽ പാറപ്പൊടി പറന്നുപൊങ്ങുന്നത്

ദേശീയ പാതയിലെ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പടെയുള്ളവരുടെ കാഴ്ചപോലും മറയ്ക്കുന്നുണ്ട്.

ഈ പൊടിക്കാറ്റ് ശ്വസിക്കുന്നതിലൂടെ സിലിക്കോസിസ്, ആസ്മ, അലർജി തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയേറെയാണ്. അപ്പോഴും അധികൃതർ അനാസ്ഥ തുടരുന്നു എന്നതാണ് വിചിത്രം.

പാറപ്പൊടി വിതറിയ ശേഷം തുടർന്നുള്ള പ്രവൃത്തികൾക്ക് കാലതാമസം നേരിട്ടാൽ എമൽഷൻ സ്പ്രേ ചെയ്യുന്നത് പതിവുള്ളതാണ്. അല്ലെങ്കിൽ

കുറഞ്ഞപക്ഷം ടാങ്കർ ഉപയോഗിച്ച്‌ റോഡിൽ വെള്ളം തളിക്കാനെങ്കിലും കരാറുകാർ തയ്യാറാകേണ്ടതുണ്ട്. എന്നാൽ,​ ഇതൊന്നും ചെയ്യാതെ

ദേശീയ പാതയിലെ യാത്രക്കാരെയും സമീപവാസികളെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും അപകടങ്ങളിലേയ്ക്കും തള്ളിവിടാനാണ്

അധികൃതർ ശ്രമിക്കുന്നത്.

പൊടി വലിയ

പണിയാകും !

ദേശീയപാതയിൽ വീതികൂട്ടൽ ജോലികൾ ആരംഭിച്ചതോടെ ശ്വാസകോശ സംബന്ധ പ്രശ്‌നങ്ങളുമായി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പഴയകെട്ടിടങ്ങൾ പൊളിക്കുന്നതും പണിപൂ‌ർത്തിയാകാത്ത റോഡിൽ നിന്ന് ഉയരുന്ന പാറപ്പെടിയും കാരണം തുടർച്ചയായ തുമ്മൽ,ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായിട്ടാണ് പലരും കാണാനെത്തുന്നത്.

കാറ്റിൽ വീശിപ്പറക്കുന്ന പാറപ്പൊടി നിരവധി ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകും എന്നതിൽ സംശയം വേണ്ട. മാത്രമല്ല, ആസ്‌തമ ഉൾപ്പടെയുള്ളവരുടെ ആരോഗ്യവസ്ഥയെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യും.വായുവിലൂടെ ശരീരത്തിനുള്ളിലെത്തുന്ന പൊടി അംശങ്ങളെ ശരീരം തന്നെ സ്വാഭാവിക പ്രതികരങ്ങളിലൂടെ പുറം തള്ളുകയാണ് പതിവ്. തുമ്മൽ, മൂക്ക് ചീറ്റൽ എന്നിവ അത്തരം പ്രതികരണങ്ങളാണ്.

എന്നാൽ, പാറപ്പൊടി ശ്വാസകോശത്തിൽ കയറിയാൽ ഇത്തരം സ്വാഭാവിക രീതിയിലുടെ പുറത്ത് പോകാനുള്ള സാദ്ധ്യത വിരളമാണ്.

ക്വറി മേഖലകളിൽ സിലിക്കോസിസ് ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതിനുള്ള കാരണവും ഇതാണ്. പാറപ്പൊടി, അതു കലർന്ന എം സാൻഡ് എന്നിവ റോഡുകളിൽ വേനൽക്കാലത്ത് നിരത്തിയിടുന്നത് പൊതുജനആരോഗ്യത്തിന് തന്നെ ഹാനീകരമാണ്.

ഡോ. ശ്രീജിത്ത്‌ സുരൻ എം.ഡി (ആയുർവേദം)