കൊല്ലം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കാൻ സംസ്ഥാനത്ത് അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ലോക ബാലികാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ എക്‌സിബിഷനും റോഡ് ഷോയും കൊല്ലം എസ്.എൻ വനിത കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇത്തരം കേസുകളിൽ വിചാരണ വൈകുന്നത് പ്രതികൾക്ക് സഹായകമാകുന്നുണ്ട്. പഴുതടച്ച സ്ത്രീ സുരക്ഷാ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. എക്‌സിബിഷൻ മീഡിയമായ കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടർ നിർവഹിച്ചു. സി.ഡബ്ല്യു.സി മുൻ ചെയർമാൻ കെ.പി.സജിനാഥ്, എസ്.എൻ കോളേജ് പ്രിൻസിപ്പൽ സുനിൽ കുമാർ, റാണി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.