thodiyoor-road
കലുങ്ക് നിർമ്മാണത്തിനായി കുറുകെ മുറിച്ചിട്ടിരിക്കുന്ന റോഡ്

തൊടിയൂർ: കലുങ്ക് നിർമ്മാണത്തിനായി കുറുകെ മുറിച്ചിട്ട റോഡ് അങ്ങനെ തന്നെ കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷനിലേയ്ക്ക് ഉൾപ്പടെ നൂറുകണക്കിൽ ഇരുചക്രവാഹനക്കാർ സഞ്ചരിക്കുന്ന പാട്ടുപുരയ്ക്കൽ ജംഗ്ഷൻ - പുള്ളിയിൽ ജംഗ്ഷൻ റോഡിനാണ് ഈ ദുർഗതി.

ഈ പഞ്ചായത്ത് റോഡിന്റെ പടിഞ്ഞാറേ അരികിലൂടെ ഒഴുകുന്ന തോട്ടിലേക്ക് കിഴക്ക് വശത്തെ ചെറിയ തോട്ടിലെ ജലം ഒഴുക്കിവിടാൻ വേണ്ടിയാണ് കലുങ്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ,​ ഇതിന് തൊട്ടടുത്ത വസ്തുവിന്റെ അരിക് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വസ്തു റീസർവ്വേ നടത്തിയ ശേഷമേ പാടുള്ളൂ എന്ന വസ്തു ഉടമയുടെ നിലപാടാണ് കലുങ്ക്‌ പണിയെ പാതിവഴിയിലാക്കിയതെന്നാണ് അറിയുന്നത്.

വഴി തടസപ്പെട്ടതോടെ ചുറ്റിക്കറങ്ങിയാണ് ഇപ്പോൾ യാത്രക്കാർ റെയിൽവേ സ്റ്റേഷനിലെത്തുന്നത്. റോഡുമുറിച്ച ഭാഗത്തെ മണ്ണ് ഇരു വശത്തായി ഉയർന്നു കിടക്കുന്ന തൊഴിച്ചാൽ ഇവിടെ മറ്റ് അപായസൂചകങ്ങളൊന്നുമില്ല.

പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ച് എത്രയും വേഗം കലുങ്ക് നിർമ്മാണം പൂർത്തിയാക്കണമെന്ന് ഇരുപത്തിരണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.