
കുന്നിക്കോട്: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചുവന്ന എസ്.ഐ ഹെൽമെറ്റില്ലാത്ത വാഹന യാത്രക്കാരനെ പിടികൂടി മർദ്ദിച്ചെന്ന പരാതിയിൽ ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷനംഗം വി.കെ.ബീനാകുമാരി ഉത്തരവിട്ടു.
കുന്നിക്കോട് സ്റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കുമെതിരെയാണ് വിളക്കുടി തുണ്ടുവിള വീട്ടിൽ ഷഹാർ പരാതി നൽകിയത്. 2021 ഏപ്രിൽ 19ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുകയും പിന്നീട് സ്ഥലത്തെത്തിയ ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് എതിർത്തപ്പോൾ മർദ്ദിക്കുകയുമായിരുന്നു. സ്റ്റേഷനിൽ എത്തിച്ചും മർദ്ദിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും ഷഹാറിന്റെ പരാതിയിൽ പറയുന്നു.
ഡി.ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്.