announce

കൊല്ലം: റെയിൽവേ അനൗൺസ്‌മെന്റിൽ ട്രെയിനെത്തുന്ന പ്ലാറ്റ്‌ഫോം മാറിപ്പോയതോടെ എഴുപതോളം യാത്രക്കാർ ട്രെയിൻ കിട്ടാതെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി.

പ്രതിഷേധിച്ച യാത്രക്കാരെ മറ്റൊരു ട്രെയിനിൽ കയറ്റിവിട്ട് റെയിൽവേ സ്റ്റേഷൻ അധികൃതർ തടിയൂരി. ഇന്നലെ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ സംഭവം. പുനലൂർ - മധുര എക്‌സ്‌പ്രസിൽ കയറാൻ കാത്തുനിന്ന യാത്രക്കാരെയാണ് തെറ്റായ അനൗൺസ്മെന്റ് വഴി തെറ്റിച്ചത്.

യാത്രക്കാരിൽ ഏറെയും മധുര കണ്ണാശുപത്രിയിൽ തിമിര ശസ്‌ത്രക്രിയയ്ക്ക്‌ പോകാൻ കാത്തുനിന്ന സ്‌ത്രീകളും കുട്ടികളും അവരുടെ ബന്ധുക്കളുമാണ്‌. എല്ലാ ദിവസവും വൈകിട്ട്‌ ആറരയ്‌ക്ക്‌ മധുര ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്‌ ഫോമിലാണ്‌ എത്തുന്നത്‌. മാന്നാർ ഉൾപ്പെടെ ദൂരെ നിന്നുമെത്തിയ യാത്രക്കാർ ബുധനാഴ്‌ച പതിവുപോലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു. എന്നാൽ സ്റ്റേഷനിൽ നിന്നുള്ള അനൗൺസ്‌മെന്റിൽ മധുര ട്രെയിൻ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുമെന്നാണ്‌ അറിയിച്ചത്‌. ഇതോടെ യാത്രക്കാർ ബാഗും ലഗേജുമായി മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക്‌ പോയി. അധികം വൈകാതെ ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുമെന്ന്‌ തിരുത്തിക്കൊണ്ട്‌ അറിയിപ്പ്‌ വരികയും ചെയ്‌തു. ഈ സമയം ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിയിരുന്നു. അപ്പോഴേക്കും യാത്രക്കാർ ആശങ്കയിലായി. മൂന്നിൽ നിന്ന് ബാഗുമായി രോഗികൾ ഉൾപ്പെടെ യാത്രക്കാർ ഒന്നിലേക്ക്‌ എത്തിയപ്പോഴേക്കേും ട്രെയിൻ പുറപ്പെട്ടിരുന്നു.

പെരുവഴിയിലായ യാത്രക്കാർ കൂട്ടത്തോടെ സ്‌റ്റേഷൻ മാസ്‌റ്ററുടെ ഓഫീസിൽകയറി പ്രതിഷേധിച്ചു. തുടർന്ന്‌ യാത്രക്കാരെ 7.30 നുള്ള നാഗർകോവിൽ ഏറനാട്‌ എക്‌സ്‌പ്രസിൽ കയറ്റിവിട്ടു. ഏറനാട്‌ രാത്രി 10.30ന്‌ നാഗർകോവിൽ എത്തുന്നത് വരെ കൊല്ലത്ത്‌ നിന്നുപോയ മധുര എക്‌സ്‌പ്രസ്‌ നാഗർകോവിൽ പിടിച്ചിടാമെന്നും അധികൃതർ പറഞ്ഞു.